തുർക്കിയയിൽ വീണ്ടും ഉർദുഗാൻ; പ്രസിഡന്റായി തുടരും
text_fieldsഇസ്തംബുൾ: തുർക്കിയയയെ നയിക്കാൻ വീണ്ടും ഉർദുഗാൻ. 97.94 ശതമാനം വോട്ടെണ്ണിയപ്പോൾ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പ്ൾസ് അലയൻസ് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ റജബ് ത്വയ്യിബ് ഉർദുഗാൻ തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളി നേഷൻ അലയൻസിെന്റ കെമാൽ കിലിക്ദരോഗ്ലു 47.85 ശതമാനം വോട്ടും നേടി.
പ്രധാനമന്ത്രിയായും പ്രസിഡന്റായും 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാൻ പ്രതിപക്ഷം ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. അതേസമയം, പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബുളിലും കിലിക്ദരോഗ്ലുവാണ് മുന്നിൽ.
ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 85.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 6.42 കോടി വോട്ടർമാരാണുണ്ടായിരുന്നത്. മേയ് 14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടർന്നാണ് റൺ ഓഫ് വേണ്ടി വന്നത്.
മിക്കയിടങ്ങളിലും പോളിങ് ബൂത്തുകൾ തുറക്കുന്നതിന് മുമ്പ് തന്നെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 88.8 ശതമാനമായിരുന്നു പോളിങ്. 25 ലക്ഷം വോട്ടുകൾക്കാണ് ഉർദുഗാൻ അന്ന് ലീഡ് ചെയ്തത്. ആദ്യ റൗണ്ടിൽ വോട്ട് രേഖപ്പെടുത്താതിരുന്ന 80 ലക്ഷം പേരിലായിരുന്നു രണ്ടാം ഘട്ടത്തിൽ ഇരുസ്ഥാനാർഥികളുടെയും പ്രതീക്ഷ. വോട്ടെടുപ്പിന് മുമ്പ് തന്റെ ടെക്സ്റ്റ് മെസേജുകൾ വോട്ടർമാരിൽ എത്തുന്നതിൽനിന്ന് തടഞ്ഞതായി പ്രതിപക്ഷ സ്ഥാനാർഥി ആരോപിച്ചു. അതേസമയം, പ്രസിഡന്റിന്റെ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വോട്ടുചോർച്ച ഇല്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷം നാല് ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെയും രംഗത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.