10 പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ തുർക്കി പുറത്താക്കുന്നു
text_fieldsഅങ്കാറ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ 10 പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനൊരുങ്ങുന്നു. ജയിലിലടച്ച സാമൂഹിക പ്രവർത്തകൻ ഉസ്മാൻ കവാലയുടെ മോചനമാവശ്യപ്പെട്ട് നയതന്ത്ര പ്രതിനിധികൾ രംഗത്തുവന്നതാണ് തുർക്കിയെ പ്രകോപിപ്പിച്ചത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാൽ നാറ്റോ രാജ്യങ്ങളും തുർക്കിയും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകും.
ശനിയാഴ്ചയാണ് യു.എസ്, ജർമനി, കാനഡ, ഡെൻമാർക്, ഫിൻലാൻഡ്, ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ ഉർദുഗാൻ ആവശ്യപ്പെട്ടത്. തുർക്കിയെ കുറിച്ച് നയതന്ത്ര പ്രതിനിധികൾ അറിയാൻ പോകുന്നതേയുള്ളൂവെന്നും ഉർദുഗാൻ പറഞ്ഞു.
എന്നാൽ, ഉത്തരവ് നടപ്പാക്കാൻ നിശ്ചിത സമയ പരിധിയില്ല. 2013ൽ ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് പണം നൽകി, 2016ലെ പരാജയപ്പെട്ട അട്ടിമറിശ്രമത്തിൽ പങ്കാളിയായി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2017ൽ കവാലയെ തുർക്കി ജയിലിലടച്ചത്. കുറ്റങ്ങൾ ഇദ്ദേഹം നിഷേധിച്ചിരുന്നു.
തിങ്കളാഴ്ചയാണ് നയതന്ത്ര പ്രതിനിധികൾ ഒന്നടങ്കം കവാലയുടെ മോചനമാവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്. കവാലയുടെ തടങ്കൽ നീട്ടുന്നത് തുർക്കിയുടെ പ്രതിച്ഛായ തകർക്കുമെന്നും അവർ പറഞ്ഞു. കവാലയെ മോചിപ്പിക്കണമെന്ന് 2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ കൗൺസിലും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.