തുർക്കിയ പ്രാദേശിക തെരഞ്ഞെടുപ്പ്; ഉർദുഗാന് കനത്ത തിരിച്ചടി, പ്രധാന നഗരങ്ങളിൽ വിജയം അവകാശപ്പെട്ട് പ്രതിപക്ഷം
text_fieldsഇസ്റ്റംബുൾ: തുർക്കിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രധാന നഗരങ്ങളിൽ വിജയം അവകാശപ്പെട്ട് പ്രതിപക്ഷമായ സി.എച്ച്.പി. ഇസ്റ്റംബുളിലും തലസ്ഥാനമായ അങ്കാറയിലും വലിയ വിജയം നേടിയതായി പാർട്ടി അവകാശപ്പെട്ടു. തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ എ.കെ.പിക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
ഇസ്റ്റംബുളിൽ ഞായറാഴ്ച 95 ശതമാനം ബാലറ്റ് പെട്ടികളും തുറന്നപ്പോൾ സി.എച്ച്.പി നേതാവായ മേയർ ഇക്രെം ഇമാമോഗ്ലു വിജയം അവകാശപ്പെട്ടു. ഉർദുഗാന്‍റെ എ.കെ.പിയെ ദശലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിലാക്കിയതായി ഇദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ അങ്കാറയിൽ സി.എച്ച്.പിക്കാരനായ മേയർ മൻസൂർ യാവാസ് വിജയം അവകാശപ്പെട്ടു. രാജ്യം ഭരിക്കുന്നവർക്കുള്ള വ്യക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.
തുർക്കിയയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിലും സി.എച്ച്.പിയാണ് മുന്നിൽ. 81 പ്രവിശ്യകളിൽ 36ലും സി.എച്ച്.പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ദേശീയപതാകയുമേന്തി ആയിരക്കണക്കിന് സി.എച്ച്.പി പ്രവർത്തകർ ഞായറാഴ്ച ഇസ്റ്റംബുളിൽ വിജയാഘോഷം നടത്തി.
തന്‍റെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതായി 2002 മുതൽ തുർക്കിയയിൽ അധികാരത്തിലുള്ള പ്രസിഡന്‍റ് ഉർദുഗാൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. തെറ്റുകളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ചിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തേതായിരിക്കുമെന്ന് ഉർദുഗാൻ നേരത്തെ പറഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അധികാര ജീവിതത്തിന് അവസാനം കുറിക്കുകയാണെന്ന സൂചന നൽകിക്കൊണ്ടായിരുന്നു പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.