ഇസ്രായേലിൽ ഇടപെടുമെന്ന മുന്നറിയിപ്പുമായി ഉർദുഗാൻ; സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേൽ
text_fieldsഅങ്കാറ: ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലിൽ ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. മുൻകാലങ്ങളിൽ ലിബിയയിലും നഗോർണോ-കറാബാക്കിലും ചെയ്തതുപോലെ തുർക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉർദുഗാൻ പറഞ്ഞത്. എന്നാൽ, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഗസ്സയിൽ ആക്രമണം തുടങ്ങിയതുമുതൽ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുർക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ വരെ ഉർദുഗാൻ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗസ്സക്ക് ടൺ കണക്കിന് സഹായ ഹസ്തവും തുർക്കിയ എത്തിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്. “ഫലസ്തീന് നേരെ ഇസ്രായേലിന് ഇത്തരം ആക്ഷേപാർഹമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവിധം നമ്മൾ വളരെ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നാം ഇടപെട്ടത് പോലെ ഇസ്രായേലിലും ചെയ്തേക്കാം’ -അദ്ദേഹം ജന്മനാടായ റൈസിൽ ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു. “ഇത് ചെയ്യാതിരിക്കാൻ നമുക്ക് ഒരു ന്യായവുമില്ല. നടപടി സ്വീകരിക്കാൻ നാം ശക്തരായിരിക്കണം” -യോഗത്തിൽ ഉർദുഗാൻ കൂട്ടിച്ചേർത്തു.
Cumhurbaşkanı Erdoğan: Savunma sanayiinde bizim ithalat, ihracatımız neydi nereye geldik. Ama bunların hiçbiri bizi aldatmasın. Biz çok güçlü olmalıyız ki, bu İsrail Filistin'e bunu yapamasın. pic.twitter.com/pGKPTDZ70s
— TRT Haber Canlı (@trthabercanli) July 28, 2024
2020-ൽ, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലിബിയൻ സർക്കാറിനെ പിന്തുണച്ച് തുർക്കിയ സൈനികരെ ലിബിയയിലേക്ക് അയച്ചിരുന്നു. നഗോർണോ-കറാബാക്കിൽ അസർബൈജാൻ സൈനിക നീക്കം നടന്നപ്പോൾ തുർക്കിയ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സൈനിക പരിശീലനമടക്കം നൽകിയതായി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ഉർദുഗാന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തുവന്നു. സദ്ദാം ഹുസൈന്റെ കാൽപ്പാടുകളാണ് തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓർമ വേണമെന്നും ഇസ്രായേൽ കാറ്റ്സ് എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഇതിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ രംഗത്തെത്തി. വംശഹത്യക്കാരനായ ഹിറ്റ്‌ലറുടെ അന്ത്യം പോലെ വംശഹത്യക്കാരനായ (ഇസ്രായേൽ പ്രധാനമന്ത്രി) ബിന്യമിൻ നെതന്യാഹുവിന്റെ അന്ത്യവും സംഭവിക്കുമെന്നായിരുന്നു ഹകാന്റെ മുന്നറിയിപ്പ്.
‘വംശഹത്യക്കാരനായ ഹിറ്റ്‌ലറുടെ അന്ത്യം പോലെ വംശഹത്യക്കാരനായ (ഇസ്രായേൽ പ്രധാനമന്ത്രി) ബിന്യമിൻ നെതന്യാഹുവിന്റെ അന്ത്യവും സംഭവിക്കും. (ജർമനിയിൽ ജൂതർക്ക് നേരെ) വംശഹത്യ നടത്തിയ നാസികളെ പോലെ, ഫലസ്തീനികളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും ഉത്തരവാദികളായിരിക്കും. മനുഷ്യത്വം ഫലസ്തീനികൾക്കൊപ്പം നിൽക്കും. നിങ്ങൾക്ക് ഫലസ്തീനികളെ നശിപ്പിക്കാൻ കഴിയില്ല. നമ്മുടെ പ്രസിഡൻറ് മനുഷ്യത്വത്തിന്റെയും മനഃസാക്ഷിയുടെയും ശബ്ദമാണ്. ഈ ന്യായമായ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവർ, പ്രത്യേകിച്ച് ഇസ്രായേൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സയണിസ്റ്റുകൾ വലിയ പരിഭ്രാന്തിയിലാണ്. എല്ലാ വംശഹത്യ കുറ്റവാളികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ചരിത്രം ഒരുപോലെയാണ് അവസാനിച്ചത്’ -തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.