ചൈനീസ് മന്ത്രിയുടെ സന്ദർശനത്തിനിടെ തുർക്കിയിൽ ഉയിഗൂർ പ്രതിഷേധം; വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് തുർക്കി മന്ത്രി
text_fieldsനൂറുകണക്കിന് പ്രതിഷേധക്കാർ അങ്കാറയിൽ തെരുവിലിറങ്ങിയ പശ്ചാത്തലത്തിൽ ഉയിഗൂർ മുസ്ലിങ്ങളുടെ പ്രശ്നം ചൈനയോട് തുർക്കി ഉന്നയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ തുർക്കി സന്ദർശനത്തിനിടയിലാണ് അങ്കാറയിൽ നൂറു കണക്കിനാളുകൾ തെരുവിലിറങ്ങിയത്. ഉയിഗൂർ ക്യാമ്പുകൾ അടച്ചു പൂട്ടുക, ചൈനയുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുെട സന്ദർശനത്തിനിടെ ജനങ്ങൾ തെരുവിലിറങ്ങിയത്. ഉയിഗൂറുകളെ സംബന്ധിച്ചുള്ള ആശങ്ക ചൈനീസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു തുർക്കി വിദേശകാര്യമന്ത്രി മേവ്ലട്ട് കവ്സോഗ്ലു പറഞ്ഞത്.
തുർക്കി വംശജരാണ് ചൈനയിലെ ഉയിഗൂർ മുസ്ലിംകൾ. ഉയിഗൂർ മുസ്ലിംകൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ പുറത്തെത്തിച്ചിരുന്നു. ഈ വാർത്തകളെല്ലാം ചൈന നിഷേധിച്ചിരുന്നെങ്കിലും ഐക്യ രാഷ്ട്രസഭ പ്രതിനിധകളടക്കം ചൈനയുടെ അതിക്രമം സ്ഥിരീകരിച്ചിരുന്നു.
നിരവധി ഉയിഗൂർ മുസ്ലിംകൾ തുർക്കിയിൽ കഴിയുന്നുണ്ട്. ഇവരെ തിരിച്ചയക്കാൻ ചൈനയുമായി തുർക്കി കരാറൊപ്പിട്ടുവെന്ന വാർത്തകൾക്കിടയിലാണ് അങ്കാറയിലെ പ്രതിഷേധം. കഴിഞ്ഞ ഡിസംബറിലാണ് ചൈനയുമായി ആൾകൈമാറ്റ കരാർ തുർക്കി ഒപ്പുവെക്കുന്നത്. എന്നാൽ, ഈ കരാർ മറ്റു രാജ്യങ്ങളുമായി തുർക്കിക്കുള്ളതു പോലെയുള്ള ഒരു സാധാരണ കരാറാണെന്നും ഉയിഗൂറുകളെ തിരിച്ചയക്കാനുള്ള കരാറല്ലെന്നുമാണ് തുർക്കി വിദേശ കാര്യ മന്ത്രി മേവ്ലട്ട് പറയുന്നത്.
കോവിഡ് വാക്സിനായി തുർക്കി ചൈനയെ ആശ്രയിക്കുന്നുണ്ട്. ഈ ഇടപാടിന്‍റെ മറപിടിച്ച് തുർക്കിയിലുള്ള ഉയിഗൂറുകൾക്കെതിരെ ചൈന നീക്കം നടത്തുമോ എന്ന ആശങ്ക കൂടിയാണ് അങ്കാറയിലെ പ്രതിഷേധത്തിന് പിറകിൽ.
കുടുംബത്തെ കുറിച്ച് അന്വേഷിക്കാനാണ് ഞങ്ങളിവിടെ വന്നത്, അവർ ജീവിച്ചിരിക്കുന്നുണ്ടോ? അതോ മരിച്ചോ?, ഞങ്ങൾക്ക് എന്തുകൊണ്ടാണ് അവരെ ബന്ധപ്പെടാനാകാത്തത് ?'- അങ്കാറയിലെ പ്രതിഷേധത്തിനെത്തിയ ഉയിഗൂർ വംശജൻ ഇമാം ഹസൻ ഒസ്തുർക്ക് പറയുന്നു.
ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി, തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും ചർച്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.