ഗസ്സയിലെ മാനുഷിക ദുരന്തം; ഇസ്രായേലിലെ അംബാസഡറെ തിരികെ വിളിച്ച് തുർക്കിയ
text_fieldsഅങ്കാറ: വെടിനിർത്തലിന് വിസമ്മതിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് തുർക്കിയ. തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കിയ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്നുള്ള മാനുഷിക ദുരന്തം കണക്കിലെടുത്തും വെടിനിർത്തലിനുള്ള ആവശ്യവും ഗസ്സക്കാർക്ക് സഹായം എത്തിക്കുന്നതിനുമുള്ള ആവശ്യവും നിഷേധിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നെതന്യാഹുവുമായി ഇനി ഒരുവിധ ചർച്ചയുമില്ലെന്ന് തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ പറഞ്ഞിരുന്നു.
ഗസ്സയിലെ മനുഷ്യത്വരഹിത ആക്രമണം തുടരവേ, കൂടുതൽ രാജ്യങ്ങൾ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കു പിറകെ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറസ് ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ഗസ്സയിലെ സാധാരണക്കാർ അനുഭവിക്കുന്ന കൊടിയ ദുരിതം കണക്കിലെടുത്താണ് നടപടിയെന്ന് ഹോണ്ടുറസ് പ്രസിഡന്റ് സിയോമാറ കാസ്ട്ര പറഞ്ഞു.
നേരത്തേ ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ ഇസ്രായേലുമായി എല്ലാ നയതന്ത്രബന്ധവും വിച്ഛേദിച്ചിരുന്നു. ചിലി, കൊളംബിയ രാജ്യങ്ങൾ സ്ഥാനപതിമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. ജി.സി.സി രാജ്യമായ ബഹ്റൈനും കഴിഞ്ഞ ദിവസം സ്ഥാനപതിയെ തിരിച്ചുവിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.