വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഇസ്രായേലിന് കഴിയുന്നില്ല; മറുപടിയുമായി തുർക്കിയ
text_fieldsഇസ്തംബുൾ: ഇസ്രായേലിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് തുർക്കിയ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയമാണ് ഇസ്രായേലിന് മറുപടിയുമായി രംഗത്തെത്തിയത്. വിമർശനങ്ങളേയും അപലപിക്കലിനേയും ഉൾക്കൊള്ളാൻ പോലും ഇസ്രായേലിന് സാധിക്കുന്നില്ലെന്ന് തുർക്കിയ വിമർശിച്ചു.
ലോകത്തിന് മുമ്പിൽ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യം ചെയ്തിട്ട് പോലും വിമർശനങ്ങളെ ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുന്നില്ലെന്ന് തുർക്കിയ വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിന് പിന്നാലെയാണ് തുർക്കിയയുടെ പരാമർശം. തുർക്കിയയുമായുള്ള ബന്ധത്തിൽ പുനഃപരിശോധനയുണ്ടാവുമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ യഹൂദ വിരോധിയാണെന്ന യു.എന്നിലെ ഇസ്രായേൽ അംബാസിഡറുടെ ആരോപണത്തിനും അവർ മറുപടി നൽകി. ജൂതർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം തുർക്കിയയാണെന്ന മറുപടിയാണ് അംബാസിഡറിന്റെ ആരോപണത്തിന് നൽകിയത്.
അതേസമയം ഇസ്രായേലിനെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ ഭ്രാന്തൻ രാഷ്ട്രമെന്ന് വിശേഷിപ്പിച്ചിരുന്നു. ഭ്രാന്തൻ അവസ്ഥയിൽ നിന്നും ഇസ്രായേൽ എത്രയും പെട്ടെന്ന് പുറത്ത് വന്ന് ഗസ്സ മുനമ്പിലെ ആക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. കഴിഞ്ഞ രാത്രി അത് കൂടുതൽ ശക്തമാക്കി. വീണ്ടും സ്ത്രീകളേയും കുട്ടികളേയും നിരപരാധികളായ പൗരൻമാരേയും ലക്ഷ്യമിട്ടാണ് ആക്രമണം. ഇത് ഗസ്സയിലെ പ്രതിസന്ധി വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയയിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ ഏഴിനു ശേഷം വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും മുടക്കിയതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ടു മുതൽ മുഴുവൻ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കി ഗസ്സയില ഇസ്രായേൽ വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകർച്ചയുടെ ആഴമോ അറിവായിട്ടില്ല. മരണം 7,700 കവിഞ്ഞുെവന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.
ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും കടുത്ത ബോംബിങ്ങിനൊപ്പം കരവഴിയും ഗസ്സക്കുള്ളിൽ സേന ആക്രമണം നടത്തുന്നതായി ഇസ്രായേൽ തന്നെ അറിയിച്ചു. നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടിയതായി ഹമാസ് പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾ സമ്പൂർണമായി റദ്ദാക്കപ്പെട്ട ഗസ്സയിൽ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്ന് അറിയാൻ കഴിയാത്ത ഭീകരമായ മാനസികാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.