തുർക്കിയ, സിറിയ ഭൂകമ്പം; ആശ്വാസ തുരുത്തായി കുരുന്നുകൾ
text_fieldsഅങ്കാറ/ഡമസ്കസ്: സിറിയയെയും തുർക്കിയയെയും വിറപ്പിച്ച 7.8 മാഗ്നിറ്റ്യൂഡ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി രണ്ടു ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തുരുത്തുകളായി മാറുകയാണ് കുരുന്നുകൾ. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽനിന്ന് നിരവധി കുരുന്നുകളെയാണ് രക്ഷപ്പെടുത്തി കൊണ്ടിരിക്കുന്നത്.
തെക്കൻ തുർക്കിയയിലെ സാൻലിയുർഫ പ്രവിശ്യയിൽ നിന്ന് 53 മണിക്കൂറിനുശേഷമാണ് ഒരു വയസ്സുകാരനെ രക്ഷപ്പെടുത്തിയത്. തകർന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണവും വെള്ളവും ലഭിക്കാതിരുന്നിട്ടും ഈ കുഞ്ഞ് ജീവൻ കാത്തുസൂക്ഷിക്കുകയായിരുന്നു. ഭൂകമ്പം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട ഇസ്കെൻഡറുനിൽ നിന്ന് രണ്ട് വയസ്സുകാരിയെയും അമ്മയെയും 44 മണിക്കൂറിനുശേഷം രക്ഷപ്പെടുത്താനായി. വടക്കുകിഴക്കൻ അദിയമാൻ പ്രവിശ്യയിൽ നിന്ന് കുഞ്ഞിനെയും അമ്മയെയും രണ്ട് ദിവസത്തിനുശേഷം രക്ഷപ്പെടുത്താൻ സാധിച്ചു. ഇത്തരത്തിൽ നിരവധി കുരുന്നുകളെയാണ് രക്ഷപ്പെടുത്തിയത്.
ഭൂകമ്പമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരച്ചിൽ തുടരാൻ രക്ഷാപ്രവർത്തകർക്കും പ്രദേശവാസികൾക്കും പ്രതീക്ഷ പകരുന്നതാണ് ഈ കുരുന്നുകളുടെ ചിത്രങ്ങൾ. വടക്കൻ സിറിയയിൽ ഒരു കെട്ടിടത്തിന്റെ അവശിഷ്ടത്തിൽ നിന്ന് ആറ് അംഗങ്ങളുള്ള കുടുംബത്തെ രക്ഷപ്പെടുത്താനായത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകർന്നു. വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് നാലു കുട്ടികളും രണ്ടു മുതിർന്നവരുമുള്ള കുടുംബത്തെ വൈറ്റ് ഹെൽമെറ്റ്സ് റെസ്ക്യൂ ഗ്രൂപ്പാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസം അവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞിട്ടും കുട്ടികൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. നൂറുകണക്കിന് പേരാണ് ഇവിടെ തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.