‘ഇവിടെ കുഞ്ഞുങ്ങൾ വെറും കൈകൊണ്ട് കെട്ടിടാവശിഷ്ടങ്ങൾ നീക്കുകയാണ്’
text_fieldsഹാറെം (സിറിയ): ‘ഈ കുഞ്ഞുങ്ങൾ വെറും കൈ കൊണ്ട് വീടുകളുടെ അവശിഷ്ടങ്ങൾ മാറ്റുകയാണ്. ഒരു ഉപകരണവും രക്ഷാപ്രവർത്തകരും ഇവിടെയില്ല. ലോകത്തിന്റെ ശ്രദ്ധപോലും ഇങ്ങോട്ട് എത്തിയിട്ടില്ല’ -വടക്കുപടിഞ്ഞാറൻ സിറിയയിലെ ഹാറെമിൽനിന്ന് ബി.ബി.സി ലേഖകൻ ക്വിന്റൺ സോമർവിൽ ദൃശ്യത്തിലൂടെ പുറത്തുവിട്ടതാണ് സിറിയയുടെ ദയനീയ ദൃശ്യങ്ങൾ. 700 കെട്ടിടങ്ങൾ ഉണ്ടായിരുന്ന ഹാറെം പൂർണമായി തകർന്നു. 4000ത്തോളം പേർ ടെന്റുകളിലാണ് കഴിയുന്നത്. ചെറിയ കുഞ്ഞുങ്ങൾ അവശിഷ്ടങ്ങളിൽ തിരയുന്നത് മരിച്ചവരുടെ മൃതദേഹങ്ങളാണ്. ഈ ദുരിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെത്തിയിട്ടില്ല.
ഹാറെമിൽനിന്ന് നോക്കിയാൽ കാണാവുന്ന തുർക്കിയയിൽ ആളും അർഥവും എല്ലാം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുമ്പോഴാണ് സിറിയയിൽ ഈ ദയനീയാവസ്ഥയെന്നും തുർക്കിയ വഴി എത്തിയ സോമർ വിൽ പറയുന്നു. വടക്കുകിഴക്കൻ സിറിയയിൽ ഉടനീളം സമാന അവസ്ഥയാണെന്നാണ് അവിടേക്ക് എത്തിയ മാധ്യമപ്രവർത്തകരും അപൂർവം സന്നദ്ധപ്രവർത്തകരും പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആരെയെങ്കിലും രക്ഷിക്കാമെന്ന പ്രതീക്ഷ ഇപ്പോൾ ആർക്കും ഇല്ല. വടക്കൻ സിറിയയിലെ പ്രധാന പട്ടണമായ ഇദ്‍ലിബിൽപോലും കാര്യമായ സഹായം എത്തിയിട്ടില്ല.
ബശ്ശാർ അൽ അസദിന്റെ സർക്കാറും ഐക്യരാഷ്ട്രസഭയും അടക്കമുള്ളവർ സിറിയക്കാർ അനുഭവിക്കുന്ന ദുരിതത്തിന് കാരണക്കാരാണെന്ന് സിറിയൻ ആക്ടിവിസ്റ്റ് വാദ് അൽ കതേബ് പറഞ്ഞു. ഞങ്ങളെ ലോകം ഉപേക്ഷിച്ചതായി തോന്നുന്നതായും അവർ പറഞ്ഞു. ഭൂകമ്പം നടന്ന് ഏഴു ദിവസം പിന്നിട്ടിട്ടും കാര്യമായ സഹായം എത്തിക്കാൻപോലുമായിട്ടില്ലെന്ന് വാദ് അൽ കതേബ് വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഉടൻ സഹായം എത്തിച്ചില്ലെങ്കിൽ 12 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന സിറിയക്കാർ വൻ ദുരന്തം നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു.
അതേസമയം, വിമത നിയന്ത്രണത്തിലുള്ള സിറിയയിലേക്ക് സഹായം എത്തിക്കാൻ രണ്ടു വഴികൾകൂടി തുറക്കാമെന്ന് തുർക്കിയ വ്യക്തമാക്കി. നിലവിൽ തുർക്കിയയെയും സിറിയയെയും ബന്ധിക്കുന്ന അതിർത്തിയിലെ ഒരു വഴിയിലൂടെ മാത്രമാണ് സഹായം എത്തിക്കുന്നത്. ഇദ്‍ലിബ് പ്രവിശ്യയിലേക്ക് അഞ്ച് യു.എൻ ഏജൻസികൾ ചേർന്ന് 50 ട്രക്കുകളാണ് സഹായവുമായി എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.