തുർക്കി-സിറിയ ഭൂകമ്പം: മരണം 15,000 കടന്നു
text_fieldsഅങ്കാറ: തുർക്കിയെയും സിറിയയെയും സാരമായി ബാധിച്ച ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 15,000 കടന്നു. 12,391 പേർ തുർക്കിയിലും 2992 പേർ സിറിയയിലും മരിച്ചതായാണ് ലഭ്യമായ കണക്ക്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതിനിടെ, ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാറിന്‍റെ ഭാഗത്ത് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ സമ്മതിച്ചു. ഇത്ര ആഘാതമേറിയ ഒരു ദുരന്തത്തിന് തയാറെടുത്തിരിക്കൽ സാധ്യമല്ലെന്നാണ് ഉർഗുഗാൻ ചൂണ്ടിക്കാട്ടിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്നാരോപിച്ച് സർക്കാറിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വലിയ നാശമുണ്ടായ കഹ്റമൻമറാസിൽ പ്രസിഡന്‍റ് സന്ദർശനം നടത്തി.
ഫെബ്രുവരി ആറിന് പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയാണ് തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുമുണ്ടായി. ഇരുരാജ്യങ്ങളിലുമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് തകർന്നത്. കടുത്ത തണുപ്പ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ ദുരിതാശ്വാസ സഹായമെത്തുന്നുണ്ട്.
അതേസമയം, തുർക്കിക്ക് ലഭിക്കുന്നത് പോലുള്ള അന്താരാഷ്ട്ര സഹായം സിറിയക്ക് ലഭിക്കുന്നില്ലെന്ന് ദുരിതാശ്വാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്ന് 60 മണിക്കൂറുകൾ പിന്നിടുമ്പോഴും കെട്ടിടങ്ങൾക്കിടയിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അന്താരാഷ്ട്രതലത്തിൽ സഹായം അത്യാവശ്യമാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.