ഭൂകമ്പം: 222 മണിക്കൂറിനുശേഷം സ്ത്രീയെ രക്ഷിച്ചു; മരണം 41,000 കവിഞ്ഞു
text_fieldsഅങ്കാറ: തുർക്കിയയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ട 42കാരിയെ 222 മണിക്കൂറിനുശേഷം രക്ഷിച്ചു. ദക്ഷിണ തുർക്കിയയിലെ കഹ്റമന്മറാസിലാണ് ബുധനാഴ്ച മലികെ ഇമാമോഗ്‍ലുവെന്ന സ്ത്രീ അത്ഭുതകരമായി പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
രക്ഷാപ്രവർത്തകർ ഇവരെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുന്ന ടി.വി ദൃശ്യം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി ആറിന് പുലർച്ച തുർക്കിയയെ കുലുക്കിയ ഭൂകമ്പത്തിൽ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്.
പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവരാണ് കൊടുംശൈത്യത്തെയും വിശപ്പും ദാഹവും സഹിച്ച് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ മരണമുഖം കണ്ട് കിടന്നശേഷം ജീവൻ തിരിച്ചുപിടിച്ചത്. കെട്ടിടം തകർന്നുവീഴുന്നതിനിടെ കാര്യമായി പരിക്കേൽക്കാത്തവരാണ് അതിജീവിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്കുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ ജീവനുള്ളവരെ കണ്ടെത്തുന്നതും രക്ഷാപ്രവർത്തനം ആരംഭിക്കുന്നതും. ഏറെ പ്രയാസപ്പെട്ടാണ് കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെടുക്കുന്നത്.
അതിനിടെ, തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ മരണം 41,000 കവിഞ്ഞു. തുർക്കിയയിൽ 35,418ഉം സിറിയയിൽ 5800ഉം മരണമാണ് സ്ഥിരീകരിച്ചത്. ഒമ്പതു ദിവസത്തിനുശേഷവും രക്ഷാപ്രവർത്തനം തുടരുകയാണ്.
ചൊവ്വാഴ്ച തുർക്കിയയിൽ 17, 21 വയസ്സുള്ള സഹോദരങ്ങളെ രക്ഷിച്ചു. പതിനായിരക്കണക്കിന് കെട്ടിടങ്ങളാണ് തകർക്കപ്പെട്ടത്.
കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂർത്തിയാകുമെന്നും പുനർനിർമാണങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. 1,05,000ത്തിലേറെ പേർക്കാണ് പരിക്കേറ്റത്. 13000ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിലാണ്.
തുർക്കിയയിലെ ഹത്തേയിൽ കെട്ടിടാവശിഷ്ടത്തിനിടയിൽനിന്ന് 15കാരി ഫാത്തിമയെ 200 മണിക്കൂറിന് ശേഷം രക്ഷിച്ച്
ആംബുലൻസിലേക്ക് മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.