അവൾ വന്നു; വാപ്പയും ഉമ്മയും സഹോദരങ്ങളുമില്ലാത്ത ലോകത്തേക്ക്
text_fieldsഡമസ്കസ്: തുർക്കിയയെയും സിറിയയെയും തകർത്ത വൻ ഭൂകമ്പത്തിൽ നിന്ന് പ്രതീക്ഷയുടെ തിരിനാളവുമായി അവൾ ലോകത്തേക്ക് വന്നു. ഉമ്മയുടെയും ഉപ്പയുടെയും നാല് സഹോദരങ്ങളുടെയും ജീവൻ ഭൂകമ്പത്തിൽ നഷ്ടമായെങ്കിലും നവജാത ശിശു മാത്രം അതിജീവിക്കുകയായിരുന്നു.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത പെൺകുട്ടിയെ ബന്ധുക്കൾ കണ്ടെടുത്തത്. സിറിയയിലെ ജിൻഡായിരിസിലാണ് സംഭവം. സമീപ പട്ടണമായ നഫ്രിനിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.
കുട്ടി സുരക്ഷിതയായിരിക്കുന്നതായി ഡോക്ടർ പറഞ്ഞു. ഭൂകമ്പം അറിഞ്ഞയുടൻ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ കെട്ടിടം തകർന്നടിഞ്ഞതാണ് കണ്ടത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ ശബ്ദം കേട്ടതെന്ന് അമ്മാവനായ ഖലീൽ അൽ സുവൈദി പറഞ്ഞു. കുട്ടിയെ കണ്ടെടുക്കുമ്പോൾ പൊക്കിൾകൊടി വേർപെടുത്തിയിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ പൊക്കിൾകൊടി മുറിക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശരീരമാസകലം ചെറിയ മുറിവുകളോടെ കൊടുംതണുപ്പിൽ വിറച്ചാണ് കുഞ്ഞ് ആശുപത്രിയിലെത്തിയതെന്ന് പീഡിയാട്രീഷ്യനായ ഡോ. ഹാനി മഹ്റൂഫ് പറഞ്ഞു. ഉടൻ ഇൻകുബേറ്ററിലാക്കുകയായിരുന്നു. ഡ്രിപ്പും നൽകി. പിഞ്ചുകുഞ്ഞിന്റെ ഉപ്പ അബ്ദുല്ല, ഉമ്മ അഫ്ര, നാല് സഹോദരങ്ങൾ എന്നിവരെ ഒരുമിച്ചാണ് ഖബറടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.