തുർക്കിയ- സിറിയ ഭൂകമ്പം; അത്ഭുതകരം ഈ അതിജീവനം
text_fieldsഅങ്കാറ: ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കെട്ടിടാവശിഷ്ടങ്ങളിൽ ഏഴു ദിവസത്തിലധികം കിടന്ന് നിരവധി പേർ പുതുജീവിതത്തിലേക്ക്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവരാണ് കൊടുംശൈത്യത്തെയും വിശപ്പിനെയും ദാഹത്തെയും മറികടന്ന് ജീവൻ തിരിച്ചുപിടിച്ചത്. ഫെബ്രുവരി ആറിന് പുലർച്ചെ തുർക്കിയയെ കുലുക്കിയ ഭൂകമ്പത്തിൽ നിരവധി അതിജീവനസംഭവങ്ങളാണ് ഇതുവരെ പുറത്തുവന്നത്.
തുർക്കിയയിൽ ഭൂകമ്പം നടന്ന് 141 മണിക്കൂർ പിന്നിട്ട് 163 മണിക്കൂർ വരെ സമയത്ത് 41 പേരെയാണ് രക്ഷപ്പെടുത്തിയത്. 170 മണിക്കൂറിനുശേഷവും ഏതാനും പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തുർക്കിയിലെ കഹ്റാൻമരാസിൽ 183 മണിക്കൂറിന് ശേഷം പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ സാധിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി ആറു വയസ്സുകാരിയെയും 70 കാരിയെയും 178 മണിക്കൂറിനുശേഷമാണ് രക്ഷിച്ചത്. ഹത്തേയ് പ്രവിശ്യയിൽ മൂന്നുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു 70കാരിയായ നൂറ ഗുർബുസ് അതിജീവിച്ചത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് നൂറയെ പുറത്തെടുത്തത്.
അദിയാമൻ നഗരത്തിലെ അപ്പാർട്മെന്റ് ബ്ലോക്ക് തകർന്നാണ് ആറു വയസ്സുകാരിയായ മിറായ് കുടുങ്ങിയത്. മിറായിയും മൂത്ത സഹോദരിയും ജീവനോടെയുണ്ടെന്ന് കണ്ടെത്തിയതോടെ തിരച്ചിൽ ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾ നീക്കി മിറായിയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി. മൂത്ത സഹോദരിക്കായി തിരച്ചിൽ തുടരുകയാണ്. ഗാസിയാൻടെപ് പ്രവിശ്യയിൽ 170 മണിക്കൂറിനുശേഷമാണ് സിബെൽ കായ എന്ന 40 കാരനെ രക്ഷപ്പെടുത്തിയത്.
ഒരു രാത്രി മുഴുവൻ റഷ്യൻ രക്ഷാപ്രവർത്തകർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയത്. ഹത്തേയിൽ 160 മണിക്കൂറിലധികമാണ് 11കാരിയായ ലെന മരാദിനി ജീവൻ പിടിച്ചുനിർത്തിയത്. അവശനിലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ ഈ പെൺകുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുകയാണ്. ഹത്തേയിൽതന്നെ 175 മണിക്കൂർ കഴിഞ്ഞാണ് നൈദ ഉമേയ് എന്ന സ്ത്രീക്ക് അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് സുരക്ഷിതമായി പുറത്തെടുക്കാനായത്.
പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്കുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ ജീവനുള്ളവരെ കണ്ടെത്തുന്നതും രക്ഷാപ്രവർത്തനം ആരംഭിക്കുന്നതും. കെട്ടിടം തകർന്നുവീഴുന്നതിനിടെ കാര്യമായി പരിക്കേൽക്കാത്തതും ഭക്ഷണവും വെള്ളവും അടക്കം കുറച്ചെങ്കിലും ലഭ്യമാകുന്നതിനാലുമാണ് പലർക്കും അതിജീവിക്കാനാകുന്നതെന്ന് ദുരന്തനിവാരണ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.