'ഇസ്രായേൽ ഭീകര രാഷ്ട്രം, അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം'; അൽ അഖ്സയിലെ ആക്രമണത്തിൽ ഉർദുഗാൻ
text_fieldsഇസ്താംബൂൾ: മസ്ജിദുൽ അഖ്സയിൽ ഫലസ്തീനികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഇസ്രായേലിനെതിരെ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ ഭീകരരാഷ്ട്രമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ അക്രമങ്ങൾക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണം -ഇസ്താംബൂളിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെ ഉർദുഖാൻ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ മൗനം പാലിക്കുന്നവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ക്രൂരരായ ഇസ്രായേൽ ഫലസ്തീൻ ജനതക്ക് മേൽ അക്രമം അഴിച്ചുവിടുകയാണ്. വിഷയത്തിൽ അടിയന്തര നടപടികളുണ്ടാക്കണമെന്ന് യു.എന്നിനോടും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷനോടും തുർക്കി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസവും മസ്ജിദുൽ അഖ്സയിൽ ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ അതിക്രമമുണ്ടായി. റമദാനിലെ 27ാം രാത്രിയിൽ പള്ളിയിൽ തടിച്ചുകൂടിയവർക്കു നേരെയുണ്ടായ പൊലീസ് ആക്രമണങ്ങളിൽ 60ലേറെ പേർക്കാണ് പരിക്കേറ്റത്.
മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച് പൊലീസ് ഒരുക്കിയ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ സുരക്ഷാസേന ജലപീരങ്കിയും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. 64 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്‍റ് അറിയിച്ചു. ഒരു ഓഫീസർക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും അറിയിച്ചു.
മസ്ജിദുൽ അഖ്സയിൽ ഇരച്ചുകയറിയ ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 200ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.