70 വർഷം മുമ്പ് ഹിറ്റ്ലറെ തടഞ്ഞത് പോലെ നെതന്യാഹുവിന്റെ കൊലപാതക നെറ്റ്‍വർക്കിനേയും തടയണം -ഉർദുഗാൻ
text_fieldsവാഷിങ്ടൺ: ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനമുയർത്തി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യു.എന്നിലാണ് ഉർദുഗാന്റെ പരാമർശം. ഫലസ്തീൻ ലോകത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഏറ്റവും വലിയ ശ്മശാനമായി മാറിയെന്ന് ഉർദുഗാൻ പറഞ്ഞു.
ഗസ്സയിൽ കുട്ടികൾ മാത്രമല്ല മരിക്കുന്നത്. യു.എന്നിന്റെ സംവിധാനം കൂടിയാണ് അവിടെ ഇല്ലാതാകുന്നത്. പാശ്ചാത്യ ലോകം സംരക്ഷിക്കുന്ന മൂല്യങ്ങൾ കൂടിയാണ് അവിടെ നശിക്കുന്നത്. സത്യവും അവിടെ മരിക്കുകയാണെന്ന് ഉർദുഗാൻ പറഞ്ഞു. ഗസ്സയിലും അധിനിവേശ വെസ്റ്റ്ബാങ്കിലുമുള്ളവർ മനുഷ്യരല്ലേ ?. ഫലസ്തീനിലുള്ള കുട്ടികൾക്ക് അവകാശങ്ങളില്ലേയെന്നും ഉർദുഗാൻ ചോദിച്ചു.
ബിന്യമിൻ നെതന്യാഹു മിഡിൽ ഈസ്റ്റിനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ്. നെതന്യാഹുവിനേയും അയാളുടെ കൊലപാതക സംഘത്തേയും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം. 70 വർഷം മുമ്പ് ഹിറ്റ്ലറെ തടയാൻ ലോകം മുന്നിട്ടിറങ്ങിയത് പോലെയാകണം അതെന്നും ഇതിനായി മനുഷ്യത്വത്തിന്റെ സഖ്യം രൂപീകരിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്ന മുൻ ആവശ്യം ഒരിക്കൽ കൂടി അദ്ദേഹം യു.എന്നിൽ ഉന്നയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 41,467 പേർ ഗസ്സയിൽ മരിച്ചുവെന്നാണ് കണക്ക്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും ജീവൻ നഷ്ടമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.