ജയിച്ചാൽ അഭയാർഥികളെ പുറത്താക്കുമെന്ന് തുർക്കി പ്രസിഡന്റ് സ്ഥാനാർഥി
text_fieldsഇസ്തംബുൾ: അയൽരാജ്യമായ സിറിയയിൽനിന്നുൾപ്പെടെ കുടിയേറിയ ദശലക്ഷക്കണക്കിന് അഭയാർഥികളെ നാടുകടത്തലാകും തന്റെ പ്രധാന ദൗത്യമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി തുർക്ക് പ്രസിഡന്റ് സ്ഥാനാർഥി കമാൽ കിലിജദാർഒഗ്‍ലു. ഒന്നാം ഘട്ട വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തായ കിലിജദാർഒഗ്‍ലുവും മുന്നിലെത്തിയ റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ മേയ് 28നാണ് രണ്ടാം ഘട്ട മത്സരം. രാജ്യത്ത് അനധികൃതമായി കുടിയേറാൻ അഭയാർഥികൾക്ക് അവസരം നൽകുകയായിരുന്നു നിലവിലെ സർക്കാറെന്ന് കിലിജദാർഒഗ്‍ലു കുറ്റപ്പെടുത്തി. കടുത്ത അഭയാർഥി വിരുദ്ധ നിലപാട് വോട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യമായ സാധ്യതയില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ ഉർദുഗാൻ അഞ്ചു ശതമാനം അധികവോട്ട് നേടിയിരുന്നു. പാർലമെന്റിൽ അദ്ദേഹത്തിന്റെ കക്ഷി നേരത്തേ മേധാവിത്വം ഉറപ്പാക്കിയ സാഹചര്യത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഉർദുഗാന് എളുപ്പം ജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 8.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് അഭയാർഥികളുടെ സംഖ്യ മൂന്നു കോടി കവിയുമെന്നാണ് കിലിജദാർഒഗ്‍ലുവിന്റെ ആരോപണം. ആറു പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് കിലിജദാർഒഗ്‍ലു മത്സരിക്കുന്നത്. 2011ൽ ബശ്ശാർ അൽ അസദ് നടത്തിയ അതിക്രമങ്ങളെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് അയൽരാജ്യമായ തുർക്കിയിലേക്ക് പലായനം ചെയ്തിരുന്നത്. നിലവിൽ 36 ലക്ഷം പേരാണ് അഭയാർഥികളായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.