ഹെലികോപ്ടർ കാണാതായിടത്ത് താപനില കൂടിയ മേഖല കണ്ടെത്തി തുർക്കിയ ഡ്രോൺ; രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക്
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്ടർ കാണാതായെന്ന് കരുതുന്ന സ്ഥലത്ത് താപനില കൂടിയ മേഖല കണ്ടെത്തി തുർക്കിയ ഡ്രോൺ. ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ്. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്നാണ് കരുതുന്നത്. ഇവിടേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടു.
ഡ്രോൺ കണ്ടെത്തിയ സ്ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസന്‍റ് പ്രസിഡന്‍റ് അറിയിച്ചു. തവിൽ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതർ പറഞ്ഞു. തബ്രിസ് നഗരത്തിന് 100 കിലോമീറ്റർ അകലെയാണിത്. പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇറാൻ രക്ഷാപ്രവർത്തനത്തിൽ പിന്തുണയുമായി റഷ്യയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരിച്ചുപോരും വഴിയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു. 20 അംഗ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ എല്ലാവരുടെയും രക്ഷക്കായി പ്രാർഥിക്കാൻ അധികൃതർ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.