തുർക്കി സൈനിക അട്ടിമറി ശ്രമം: മുൻ ജനറൽമാർ ഉൾപ്പെടെയുള്ളവർക്ക് ജീവപര്യന്തം
text_fieldsഅങ്കാറ: നാലുവർഷം മുമ്പ് തുർക്കിയിൽ അരങ്ങേറിയ സൈനിക അട്ടിമറി ശ്രമത്തിലുൾപ്പെട്ട മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും നാലു പൗരന്മാർക്കും ജീവപര്യന്തം കഠിന തടവ്. 2016 ജൂലൈ 15ന് നടന്ന വിഫലമായ അട്ടിമറി ശ്രമത്തിനിടെ വിമത സൈനികർ തുർക്കി പാർലമെൻറ്, പ്രസിഡൻറിെൻറ വസതി എന്നിവക്കുനേരെ ബോംബാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 251 പേർ കൊല്ലപ്പെടുകയും 2,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാർലമെൻറ് മന്ദിരത്തിന് ബോംബിട്ട മുൻ പൈലറ്റും ലഫ്. കേണലുമായ ഹസൻ ഹുസ്നു ബൽകിജി, ബോംബാക്രമണത്തിന് ഉത്തരവ് നൽകിയ മുൻ ലെഫ്റ്റനൻറ് മുസ്തഫ മിതി കൈഗുസുസ്, ഇന്ധനം നൽകിയ ടാങ്കർ താവള കമാൻഡർ ബാകിർ എർജാൻ വാൻ, അട്ടിമറി ആസൂത്രണം ചെയ്ത പൗരന്മാരായ കമാൽ ബാത്മാസ്, ഹാകാൻ തശീക്, ഹാറൂൻ ബിനിസ്, നൂറുദ്ദീൻ ഔറുതുശ് എന്നിവർക്ക് 79 വീതം ജീവപര്യന്തം കഠിന തടവാണ് അങ്കാറ കോടതി വിധിച്ചത്.
15 പേരുടെ മരണത്തിനിടയാക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ വസതിക്ക് സമീപം ബോംബിട്ട യുദ്ധവിമാനത്തിെൻറ പൈലറ്റ് മുസ്ലിം മജീദിനെ 16 വീതം ജീവപര്യന്ത്യം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇവരുൾപ്പെടെ 21 പേരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
യു.എസിൽ കഴിയുന്ന തുർക്കി മതപണ്ഡിതനും വ്യവസായിയുമായ ഫത്ഹുല്ല ഗുലെൻറ സംഘമാണ് അട്ടിമറിക്ക് പിന്നിലെന്ന് തുർക്കി ആരോപിച്ചിരുന്നു. ഗുലൻ ഉൾപ്പെടെ അഞ്ചുപേരെ കേസിൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യുമെന്ന് കോടതി അറിയിച്ചു. അട്ടിമറി ശ്രമം നടത്തിയ രാത്രിയിൽ അന്നത്തെ സേന തലവനും ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുമായ ഖുലൂസി ആകാർ അടക്കമുള്ള കമാൻഡർമാരെ വിമത സൈനികർ ബന്ദികളാക്കിയതായി പ്രോസിക്യുട്ടർമാർ ആരോപിച്ചിരുന്നു. അട്ടിമറി ശ്രമം അടിച്ചമർത്തുന്നതിെൻറ ഭാഗമായി 77,000 പേരെ അറസ്റ്റ് ചെയ്യുകയും അധ്യാപകരുൾപ്പെടെ 1,30,000 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.