ഇസ്രായേലിനെതിരായ വംശഹത്യക്കേസ്: കക്ഷി ചേരാൻ തുർക്കിയയും
text_fieldsഅങ്കാറ: ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യക്കേസിൽ ചേരാൻ യു.എൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് തുർക്കിയ. നെതർലൻഡ്സിലെ തുർക്കിയ അംബാസഡർ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഓങ്കു കെസെലി പറഞ്ഞു.
നിക്കരാഗ്വ, കൊളംബിയ, ലിബിയ, മെക്സിക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളും ഫലസ്തീൻ ഉദ്യോഗസ്ഥരും കേസിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചതിനു പുറമെയാണ്, ഇസ്രായേലിന്റെ കടുത്ത വിമർശകരായ തുർക്കിയയും രംഗത്തെത്തിയത്. ഈ രാജ്യങ്ങളുടെ അപേക്ഷകളിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേസിൽ പ്രാഥമിക വാദം കേൾക്കൽ നടന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ വർഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഒരു രാജ്യവും അന്താരാഷ്ട്ര നിയമത്തിനതീതമല്ല എന്നാണ് തുർക്കിയയുടെ ഇടപെടലിനെ കുറിച്ച് കെസെലി ‘എക്സി’ൽ കുറിച്ചത്. ഇസ്രായേൽ ചെയ്ത കുറ്റകൃത്യങ്ങൾക്ക് അവർക്ക് ശിക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസ് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഇസ്രായേലിന്റേത് വംശഹത്യയാണെന്ന് ആരോപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോടതിയിൽ അവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കുകയും ചെയ്തു. ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടി മേയ് മുതൽ തുർക്കിയ ഇസ്രായേലുമായുള്ള വ്യാപാരം നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.