ലോകത്തിന്‍റെ മൊത്തം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 55 ശതമാനവും 20 കമ്പനികൾ ഉൽപാദിപ്പിക്കുന്നത്
text_fieldsലണ്ടൻ: പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും ലോകത്തിന്‍റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ഏറെയായി. ഇവക്ക് സഹായകമായി കടലിലും കരയിലും മനുഷ്യനെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. കൊറോണക്കാലത്തെ മാസ്ക്കുകൾ മുതൽ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും വരെ പലതുണ്ട് ഉപയോഗിച്ച് വലിച്ചെറിയുന്നതായി. കടലിൽ പലയിടത്തും ഇവ അടിഞ്ഞുകൂടി കടൽജീവികൾക്കും മത്സ്യങ്ങൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നു. 2019ൽ മാത്രം കടലിലും കരയിലുമായി ലോകം തള്ളിയത് 13 കോടി മെട്രിക് ടൺ മാലിന്യങ്ങളാണ്- ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ.
ആഗോള വ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 55 ശതമാനവും 20 കമ്പനികളുടെതെന്ന് കണക്കുകൾ.
അമേരിക്കൻ എണ്ണഭീമൻ എക്സോൺ മൊബീലാണ് ഒറ്റത്തവണ ഉപേയാഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്നവരിൽ ഒന്നാമതെന്ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സും വുഡ് മക്കിൻസിയും തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
യു.എസ് ആസ്ഥാനമായ കെമിക്കൽസ് ഭീമൻ 'ഡോ' 55 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിച്ചപ്പോൾ തൊട്ടടുത്തുള്ള ചൈനയുടെ സിനോപെക് 53 ലക്ഷം ടണ്ണുമായി തൊട്ടുപിറകിലുണ്ട്.
ആദ്യ 11 കമ്പനികളിൽ നാലെണ്ണം ഏഷ്യയിലാണ്. മൂന്നെണ്ണം വടക്കേ അമേരിക്കയിലും ഒന്ന് ലാറ്റിൻ അമേരിക്കയിലുമാണ്. ഒന്ന് പശ്ചിമേഷ്യയിലും. ലോകത്തെ മുൻനിര ബാങ്കിങ് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ പ്ലാസ്റ്റിക് ഉൽപാദനം.
ഫോസിൽ ഇന്ധനമാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. പുനരുൽപാദനത്തിന് ഒട്ടും വഴങ്ങില്ലെന്ന സവിശേഷതയും ഇവക്കുണ്ട്. ആഗോളവ്യാപകമായി ഇത്തരം പ്ലാസ്റ്റിക്കിന്‍റെ 10-15 ശതമാനം മാത്രമാണ് പുനരുൽപാദിപ്പിക്കുന്നത്.
വൈദ്യുതിയിലോടുന്ന വാഹനങ്ങൾ പതിയെ നിരത്തു കീഴടക്കി തുടങ്ങിയതോടെ പെട്രോൾ, ഡീസൽ ഉൽപാദനം കുറച്ച് പ്ലാസ്റ്റിക് ഉൽപാദനത്തിലേക്ക് കമ്പനികൾ തിരിയുന്നതാണ് ഭീഷണി ഇരട്ടിയാക്കുന്നത്.
അടുത്ത അഞ്ചു വർഷത്തിനിടെ പ്ലാസ്റ്റിക് ഉൽപാദനത്തിനുള്ള പോളിമർ ഉൽപാദനം 30 ശതമാനം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.