സ്വകാര്യത നയം പരിഷ്കരിച്ച് ട്വിറ്റർ; അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് വിലക്ക്
text_fieldsന്യൂഡൽഹി: വ്യക്തി അധിക്ഷേപം തടയുന്നതിന് സ്വകാര്യത നയം പരിഷ്കരിച്ച് ട്വിറ്റർ. അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്ന മീഡിയ ഫയലുകൾ പങ്കുവെക്കുന്നതിന് ട്വിറ്റർ വിലക്കേർപ്പെടുത്തി.
നേരത്തെ ഫോൺ നമ്പർ, മേൽവിലാസം, മെയിൽ ഐഡി ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ ട്വീറ്റ് ചെയ്യുന്നതിന് ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് സ്വകാര്യത നയം പരിഷ്കരിച്ചത്. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന ടൂളുകൾ നിർമിക്കാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്വകാര്യ നയം പരിഷ്കരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
അതേസമയം, സ്വകാര്യ വ്യക്തികളുടെ ഫോട്ടോകൾ ട്വിറ്ററിൽ അപ്ലോഡ് ചെയ്യുന്നതിന് യൂസർക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും സ്വകാര്യ നയം ലംഘിച്ചെന്ന് പരാതി നൽകിയാൽ ട്വിറ്റർ നടപടിയെടുക്കും. സ്വകാര്യ ചിത്രമോ, വീഡിയോയോ അവരുടെ അനുമതിയില്ലാതെയാണ് പങ്കിട്ടതെന്ന് നിർണയിക്കാൻ തങ്ങൾക്ക് ഒരു ഫസ്റ്റ്-പേഴ്‌സൺ റിപ്പോർട്ടോ, അംഗീകൃത പ്രതിനിധിയുടെ റിപ്പോർട്ടോ ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കി.
സ്വകാര്യ നയം പരിഷ്കരിച്ചതിലൂടെ വ്യക്തി അധിക്ഷേപങ്ങൾ ഒരുപരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.