ട്വിറ്റർ വാങ്ങൽ: മസ്‌കുമായി ചർച്ച നടത്തി ട്വിറ്റർ
text_fieldsന്യൂയോർക്ക്: ഓഹരിയുടമകളുടെ സമ്മർദത്തെ തുടർന്ന് ട്വിറ്റർ വാങ്ങൽ ഇടപാട് സംബന്ധിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കുമായി ട്വിറ്റർ ബോർഡ് ചർച്ച നടത്തി. മസ്ക് മുന്നോട്ടുവെച്ച 4650 കോടി യു.എസ് ഡോളറിന്റെ (മൂന്നര ലക്ഷം കോടിയിലധികം രൂപ) ഏറ്റെടുക്കൽ ഇടപാട് തിങ്കളാഴ്ച പുലർച്ചെ ചർച്ച ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മസ്ക് ഏറ്റെടുക്കുന്നത് പ്രതിരോധിക്കാൻ ഇത്തരം ഘട്ടങ്ങളിൽ മറ്റ് കമ്പനികളും പയറ്റാറുള്ള 'വിഷഗുളിക' എന്ന സാമ്പത്തിക തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള മസ്കിന്റെ ഓഹരി വിഹിതം ക്രമേണ കുറക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.
ഏപ്രിൽ 14നാണ് ഒരു ഓഹരിക്ക് 54.20 ഡോളർ അല്ലെങ്കിൽ ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചത്. എന്നാൽ ഏറ്റെടുക്കലിന് എങ്ങനെ പണം കണ്ടെത്തുമെന്ന് അന്ന് വ്യക്തമാക്കിയില്ല.
ട്വിറ്റർ വാങ്ങാൻ താൻ 4650 കോടി യു.എസ് ഡോളർ കണ്ടെത്തിയതായി മസ്‌ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇടപാട് ചർച്ച ചെയ്യാൻ കമ്പനി ബോർഡിൽ സമ്മർദവും ചെലുത്തി.
കഴിഞ്ഞയാഴ്ച, യു.എസ് ഓഹരി നിയന്ത്രണ സ്ഥാപനങ്ങൾക്ക് സമർപ്പിച്ച രേഖകളിൽ മോർഗൻ സ്റ്റാൻലിയിൽനിന്നും മറ്റ് ബാങ്കുകളിൽനിന്നും പണം വരുമെന്നാണ് വ്യക്തമാക്കുന്നത്. അതിൽ ചിലത് വൈദ്യുതി കാർ നിർമാതാക്കളുടെ ഭീമമായ ഓഹരിയാണ്.
സ്വതന്ത്രമായ അഭിപ്രായപ്രകടന പ്ലാറ്റ്‌ഫോം എന്ന നിലയിൽ ട്വിറ്റർ അതിന്റെ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്താത്തതിനാലാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെന്നാണ് മസ്‌ക് പറയുന്നത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ഏകദേശം 27,900 യു.എസ് ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. എന്നാൽ അദ്ദേഹത്തിന്റെ ആസ്തിയുടെ ഭൂരിഭാഗവും 17 ശതമാനം വരുന്ന ടെസ്‌ല ഓഹരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.