ബലാത്സംഗവും കൊലപാതകവും ചുമത്തി സഹോദരങ്ങളെ ജയിലിലടച്ചത് 31 വർഷം; ഒടുവിൽ മോചനം, 75 മില്യൺ ഡോളർ നഷ്ടപരിഹാരം
text_fieldsവാഷിങ്ടൻ: ബലാത്സംഗവും കൊലപാതകവും ചുമത്തി സഹോദരങ്ങളായ രണ്ടുപേരെ ജയിലിലടച്ചത് 31 വർഷം. ഒടുവിൽ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 75 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി ഇരുവരെയും മോചിപ്പിച്ചു. യു.എസിലെ നോർത്ത് കരോലിനയിലാണ് സംഭവം.
ലിയോൺ ബ്രൗണിനും അർധസഹോദരനായ ഹെൻട്രി മക്കല്ലത്തിനുമാണ് ചെയ്യാത്ത കുറ്റത്തിന് പതിറ്റാണ്ടുകൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. 11 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും 1983ൽ അറസ്റ്റിലായത്. ഇരുവരെയും വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
തങ്ങൾ നിരപരാധികളാണെന്ന് ഇരുവരും വാദിച്ചെങ്കിലും പൊലീസ് കണ്ടെത്തിയ തെളിവുകൾ ഇവർക്കെതിരായിരുന്നു.
31 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2014 ലാണ് ഇരുവരെയും മോചിപ്പിച്ചത്. കൊല നടന്ന സ്ഥലത്തു നിന്ന് ലഭിച്ച സിഗററ്റ് കുറ്റി ഉപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതി മറ്റൊരാളാണെന്ന് തെളിയുകയായിരുന്നു.
തുടർന്ന്, തങ്ങളെ അകാരണമായി കുറ്റം ചുമത്തി ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് 75 മില്യൺ ഡോളർ ഇരുവർക്കും നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചത്.
യു. എസിൽ 1989ന് ശേഷം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞ 2700 ഓളം പേരെയാണ് മോചിപ്പിച്ചത്. ഇതിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.