കറാച്ചിയിൽ ചാവേർ ആക്രമണത്തിൽ രണ്ട് ചൈനക്കാർ കൊല്ലപ്പെട്ടു
text_fieldsകറാച്ചി (പാകിസ്താൻ): കറാച്ചിയിൽ ചൈനീസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണത്തിൽ രണ്ട് ചൈനക്കാർ കൊല്ലപ്പെട്ടു. ബലൂച് വിമത സംഘം നടത്തിയ ചാവേർ ആക്രമണത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്താൻ തിങ്കളാഴ്ച അറിയിച്ചു.
ഞായറാഴ്ച രാത്രി കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ ചാവേറെന്ന് സംശയിക്കുന്നയാളും കൊല്ലപ്പെട്ടു. പാക്കിസ്താനിൽ ചൈനീസ് തൊഴിലാളികൾക്ക് നേരെ നടക്കുന്ന അക്രമ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ആക്രമണം. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് രണ്ടാഴ്ച മുമ്പാണ് ചാവേർ ആക്രമണം.
നിരോധിത ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തെ ഹീനമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് കൊല്ലപ്പെട്ട ചൈനീസ് പൗരന്മാർക്ക് അനുശോചനം രേഖപ്പെടുത്തി. ‘നമ്മുടെ ചൈനീസ് സുഹൃത്തുക്കളെ സംരക്ഷിക്കാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്നും’ അദ്ദേഹം എക്‌സിൽ എഴുതി.
ആക്രമണത്തിൽ തങ്ങളെ ഞെട്ടിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബെയ്ജിങ്ങിൽ പറഞ്ഞു. ‘പരിക്കേറ്റവരെ രക്ഷിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈന പാകിസ്താനോട് അഭ്യർഥിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.