കാണാതായിട്ട് രണ്ട് നാൾ, ശേഷിക്കുന്നത് 30 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം; മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതം
text_fieldsലണ്ടൻ: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പലിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അഞ്ച് പേരുമായി പോയ മുങ്ങിക്കപ്പൽ അപ്രത്യക്ഷമായിട്ട് രണ്ട് ദിവസം പിന്നിട്ടു. ഇനി 30 മണിക്കൂർ കൂടി പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേ മുങ്ങിക്കപ്പലിലുള്ളൂ. യു.എസ്-കാനഡ നാവികസേനകളുടെയും സ്വകാര്യ ഏജൻസികളുടെയും നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ തുടരുകയാണ്.
എന്നാൽ 20,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വടക്കൻ അറ്റ്‌ലാന്റിക്ക് പ്രദേശത്ത് രണ്ട് മൈലിലധികം താഴ്ചയിലേക്ക് തിരയുന്നത് എളുപ്പമല്ല. 'അവിടെ ചുറ്റിലും ഇരുട്ടാണ്. തണുത്തുറഞ്ഞ തണുപ്പാണ്. കടൽത്തീരത്ത് ചെളിയാണ്, തിരമാലകളാണ്. അടുത്തുള്ള വ്യക്തിയെ പോലും കാണാൻ സാധിക്കുന്നില്ല. ഇത് ശരിക്കും ഒരു ബഹിരാകാശയാത്രികൻ ബഹിരാകാശത്തേക്ക് പോകുന്നത് പോലെയാണ്' -ആഴക്കടൽ വിദഗ്ധൻ ടിം മാൾട്ടിൻ പറഞ്ഞു.
ടൈറ്റൻ എന്ന് പേരിട്ടിരിക്കുന്ന 21 അടി നീളമുള്ള മുങ്ങിക്കപ്പൽ ഞായറാഴ്ചയാണ് അപ്രത്യക്ഷമാകുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലെമാൻ എന്നീ സഞ്ചാരികളും ഓഷ്യൻഗേറ്റ് ടൂർ കമ്പനി സി.ഇ.ഒ സ്റ്റോക്ക്‌ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരാണ് കപ്പലിലുള്ളത്.
തെരച്ചിൽ ഏകോപിപ്പിക്കുന്നുണ്ടെന്ന് യു.എസ് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു. പക്ഷേ ഇത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ളതാണെന്നും തീരസംരക്ഷണസേന സാധാരണയായി കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു സങ്കീർണ്ണമായ ശ്രമമാണ്. ഇതിന് വൈദഗ്ധ്യവും പ്രത്യേക ഉപകരണങ്ങളും ഉള്ള ഒന്നിലധികം ഏജൻസികൾ ആവശ്യമാണ്. യു.എസ് കോസ്റ്റ് ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ മിഷൻ കോ-ഓർഡിനേറ്ററുടെ റോൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള തിരച്ചിലിന് ആവശ്യമായ വൈദഗ്ധ്യവും ഉപകരണങ്ങളും ഞങ്ങളുടെ പക്കലില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് സെന്റ്ജോൺസ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ അത്ലാന്റിക്കിന്റെ അടിത്തിട്ടിലുള്ള ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ കാണാൻ ഞായറാഴ്ച രാവിലെ പുറപ്പെട്ട് ഒന്നരമണിക്കൂറിന് ശേഷമാണ് മുങ്ങിക്കപ്പലുമായുള്ള ബന്ധമറ്റത്. പോളാർ പ്രിൻസ് എന്ന കപ്പലാണ് അന്തർവാഹിനിയെ നിയന്ത്രിച്ചിരുന്നത്. ഇതുവരെ നടത്തിയ തിരച്ചിലുകൾ ഫലവത്തായില്ല. സമുദ്രത്തിന്റെ അടിഭാഗം പരന്നതല്ല. ധാരാളം കുന്നുകളും മലയിടുക്കുകളും ഉണ്ട്. വെള്ളത്തിനടിയിൽ നാല് കിലോമീറ്റർ ദൂരെ വലിയ മർദമാണ് അനുഭവപ്പെടുന്നത്. ഏകദേശം ഉപരിതലത്തിലുള്ളതിന്റെ 400 മടങ്ങാണ് മർദ്ദം. അത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.