ടെസ്ലയുടെ 'ഡ്രൈവറില്ലാ കാർ' മരത്തിൽ ഇടിച്ചുകയറി തീപിടിച്ചു; യാത്രക്കാർ വെന്തുമരിച്ചു
text_fieldsന്യൂയോർക്: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന് ടെസ്ല ഉറപ്പുനൽകിയ കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറി തീപിടിച്ച് യാത്രക്കാരായ രണ്ടു പേർ വെന്തുമരിച്ചു. അമേരിക്കൻ നഗരമായ വടക്കൻ ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസമാണ് കരളലയിക്കുന്ന ദുരന്തം. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന 2019 മോഡൽ എസ് ഇലക്ട്രിക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അഗ്നി പടർന്ന് ചാമ്പലായി പോയ കാറിലെ രണ്ടു യാത്രക്കാരും മരണത്തിന് കീഴടങ്ങി. കാർ നിശ്ശേഷം തകർന്നു. നാലു മണിക്കൂറെടുത്താണ് അഗ്നി അണച്ചത്. അതിനിടെ യാത്രക്കാർ തിരിച്ചറിയാനാകാത്ത വിധം വെന്തുമരിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ കാർ ആരും ഓടിച്ചിരുന്നില്ലെന്നും ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം ഉപയോഗിച്ച് സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുന്നിലും പിന്നിലുമായി ഇരുന്ന യാത്രക്കാരാണ് തത്ക്ഷണം മരിച്ചത്. അമിത വേഗത്തിലായിരുന്ന കാർ വളവു തിരിയാൻ 'മറന്നതാണ്' പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് കരുതുന്നു. തിരിഞ്ഞുപോകുന്നതിന് പകരം നേരെ മരത്തിൽ ഇടിക്കുകയായിരുന്നു.
ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന് ഉറപ്പുനൽകുന്നുണ്ടെങ്കിലും സ്റ്റിയറിങ് തിരിച്ച് ഒരാൾ വേണമെന്നാണ് ടെസ്ല കമ്പനി വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ, ഓൺലൈനിൽ പറന്നുനടക്കുന്ന വിഡിയോകളിൽ പലതിലും ഡ്രൈവർമാരില്ലാതെയാണ് കാറുകൾ നിരത്തിൽ കുതിച്ചുപായുന്നത്. ഇതുകണ്ട് ആവേശം കയറി യാത്ര ചെയ്തവരാകാം അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് നിഗമനം.
പൂർണമായും ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുകൾ നിരത്തിലിറക്കാൻ ടെസ്ല അവസാന വട്ട ഒരുക്കങ്ങൾ തകൃതിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അടുത്ത കാലത്തായി ടെസ്ല കാറുകൾ വരുത്തിയ 27 അപകടങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവയിൽ മൂന്നെണ്ണം അടുത്തിടെ സംഭവിച്ചതാണ്. ഓട്ടോപൈലറ്റ് സംവിധാനം കാറുകളിൽ ഉപയോഗപ്പെടുത്തുേമ്പാൾ ആവശ്യമായ അധിക സുരക്ഷ ഉറപ്പാക്കാത്തത് അപകട നിരക്ക് ഉയർത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സ്വന്തമായി സഞ്ചരിക്കുന്ന സാങ്കേതികത വൻലാഭം നൽകുന്ന വ്യവസായമായി വളരുമെന്ന് അടുത്തിടെ ടെസ്ല ഉടമ ഇലോൺ മസ്ക് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം കാറുകൾക്ക് യു.എസ് സർക്കാർ ഇതുവരെയും അന്തിമ അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.