മൂന്നും അഞ്ചും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ 14 അടി ഉയരമുള്ള മതിലില്‍നിന്ന് താഴേക്കിടുന്നു; അമേരിക്കൻ അതിർത്തിയിലെ കാമറയിൽ പതിഞ്ഞത്...
text_fieldsവാഷിങ്ടണ്‍: അമേരിക്കൻ-മെക്സിക്കൻ അതിർത്തിയിലെ സാന്‍റാ തെരേസയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുേമ്പാളാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥര്‍ അത് കണ്ടത്. ഒരാൾ രണ്ട് പെൺകുഞ്ഞുങ്ങളെ അതിർത്തിയിലെ 14 അടി ഉയരമുള്ള മതിലിന് മുകളിൽ നിന്ന് താഴേക്കിടുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പതിവായ ഇവിടെ ഇത്തരം ദൃശ്യങ്ങൾ നിത്യക്കാഴ്ചയാണ്.
മൂന്നും അഞ്ചും വയസുള്ള രണ്ട് ഇക്വഡോറന്‍ പെണ്‍കുട്ടികളെയാണ് ചൊവ്വാഴ്ച രാത്രി അതിർത്തി മതിലിന് മുകളിൽ നിന്ന് താഴേക്ക് ഉപേക്ഷിച്ചത്. സി.ബി.പി കേന്ദ്രത്തിലെത്തിച്ച കുട്ടികളെ മെഡിക്കൽ പരിശോധനക്കുശേഷം കൂടുതൽ കരുതലെന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.ബി.പിയുടെ കസ്റ്റഡിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്.
രണ്ട് കൊച്ച് പെണ്‍കുട്ടികളെ ഒരാള്‍ മതിലിന് മുകളിലൂടെ ഉപേക്ഷിക്കുന്നത് കാമറയിൽ പതിയുകയായിരുന്നെന്ന് ചീഫ് പട്രോള്‍ ഏജന്‍റ് ഗ്ലോറിയ ഷാവേസ് പറഞ്ഞു. 'നിരപരാധികളായ കുട്ടികളെ അതിര്‍ത്തി മതിലിന് മുകളിലൂടെ കടത്തുകാര്‍ ഉപേക്ഷിക്കുന്ന രീതി അതിയായ ഞെട്ടലുണ്ടാക്കി. സംഭവത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്താന്‍ മെക്‌സിക്കന്‍ അധികൃതരുമായി ചേർന്ന് യു.എസ് ഏജന്‍റുമാർ ശ്രമിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകളുമായി ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരുന്നില്ലെങ്കില്‍ മരുഭൂമിയ്ക്ക് സമാനമായ സാഹചര്യത്തില്‍ ഈ കൊച്ചുകുട്ടികള്‍ മണിക്കൂറുകളോളം കഴിയാനിട വരുമായിരുന്നു' -ഷാവേസ് പറഞ്ഞു.
രാജ്യത്തിന്‍റെ തെക്കേ അതിര്‍ത്തി വഴി അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം സമീപകാലത്തായി വര്‍ധിച്ചുവരികയാണ്. ദാരിദ്ര്യവും അക്രമവും വര്‍ധിക്കുന്നതാണ് അതിര്‍ത്തി കടക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കുട്ടികളെ തനിച്ച് അതിർത്തി കടത്തി വിടുന്നവരുമുണ്ട്. ഒപ്പം ആരുമില്ലാതെ പ്രതിദിനം അഞ്ഞൂറോളം കുട്ടികള്‍ അതിര്‍ത്തി കടക്കുന്നതായാണ് റിപ്പോര്‍ട്ട്.
യു.എസ്. ഭരണകൂടത്തിന്‍റെ കസ്റ്റഡിയിലുള്ള ഇത്തരം കുട്ടികളുടെ പരിപാലനം സംബന്ധിച്ചുയരുന്ന വിമർശനങ്ങൾ പ്രസിഡന്‍റ് ജോ ബൈഡനെ കുഴക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് ആരോഗ്യ-മാനവസേവന വകുപ്പിന്‍റെ പരിചരണത്തിൽ 12,918 കുട്ടികള്‍ കഴിയുന്നുണ്ട്. സി.ബി.പിയുടെ സുരക്ഷ ചുമതലയിൽ 5,285 കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.