വടക്കൻ ഗസ്സയിൽ രണ്ടു ഇസ്രായേൽ സൈനികരെ കൂടി വധിച്ച് ഹമാസ്
text_fieldsജറൂസലം: വടക്കൻ ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഗിവതി ബ്രിഗേഡിന്‍റെ ഷേക്ക്ഡ് ബറ്റാലിയൻ അംഗങ്ങളായ സ്റ്റാഫ് സെർജന്‍റ് റാങ്കിലുള്ള ഇതായി പരിസത് (20), യെർ ഹനന്യ (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു.
ഇതോടെ ഗസ്സയിൽ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 370 ആയി. ജബലിയയിൽ ഒരുമാസത്തിനിടെ 900 ഹമാസ് പോരാളികളെ കൊല്ലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 700 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തതായും ഇതിൽ 300 പേർ ഹമാസ് പോരാളികളാണെന്നും ഐ.ഡി.എഫ് പറയുന്നു. അതേസമയം, ഗസ്സയിൽ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ കുരുതി തുടരുകയാണ്. 48 മണിക്കൂറിനിടെ ജബലിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50ലേറെ കുട്ടികൾ മാത്രം കൊല്ലപ്പെട്ടു.
ഗസ്സ മുനമ്പിലെ വിവേചന രഹിതമായ ആക്രമണത്തെ യുനിസെഫ് അപലപിച്ചു. ഗസ്സ സിറ്റിയിലെ പോളിയോ വാക്സിനേഷൻ കേന്ദ്രത്തിലും ഇസ്രായേൽ സൈന്യം ഗ്രനേഡ് വർഷിച്ചു. ഇതിൽ നാലുകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെ നാളുകളായി നിലച്ചിരുന്ന പോളിയോ വാക്സിനേഷൻ അടുത്തിടെ പുനഃരാരംഭിച്ചിരുന്നു. ശനിയാഴ്ച ലബനാനിൽനിന്ന് വടക്കൻ ഇസ്രായേലിലേക്ക് 130ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്. മധ്യ ഇസ്രായേൽ നഗരമായ തിറയിൽ റോക്കറ്റ് പതിച്ച് 11 പേർക്ക് പരിക്കേറ്റു.
റോക്കറ്റ് തടയുന്നിൽ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത് അന്വേഷിക്കുമെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ടെത്തിയ പത്തോളം ഡ്രോണുകളെയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ ഇറാനിലും സഖ്യകക്ഷി രാജ്യങ്ങളിലും ഇസ്രായേലും യു.എസും നടത്തുന്ന ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ താക്കീത് നൽകി. ഒക്ടോബർ 26ന് ഇസ്രായേൽ ആക്രമണത്തിൽ സൈനികരടക്കം അഞ്ചുപേർ കൊല്ലപ്പെടുകയും സൈനിക കേന്ദ്രങ്ങളിൽ നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.
ഇറാൻ വീണ്ടും തിരിച്ചടിച്ചാൽ ഇസ്രായേലിനൊപ്പം ആക്രമണത്തിൽ പങ്കാളിയാകുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കകൾക്കിടെയാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.