റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാർ കൂടി യുദ്ധത്തിനിടെ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യൻ പൗരന്മാർ കൂടി റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകിരിച്ചത്. ഇതോടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി.
വിഷയം ശക്തമായ ഭാഷയിൽ റഷ്യയോട് ഉന്നയിച്ചിട്ടുണ്ടെന്നും സൈന്യത്തിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഉടൻ മോചിപ്പിച്ച് തിരികെ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ചേർന്നതല്ലെന്നും റഷ്യൻ സൈന്യം ഇന്ത്യൻ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു.
“മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മൃതശരീരങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ പ്രതിരോധ മന്ത്രാലയവും മോസ്‌കോയിലെ ഇന്ത്യൻ എംബസിയും റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്’ -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരിയിൽ ഗുജറാത്ത് സൂറത്ത് സ്വദേശി ഹേമൽ അശ്വിൻഭായ് മംഗുവ (23) സൈനിക സേവനത്തിനിടെ യുക്രെയ്ൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാർച്ചിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാൻ (30) യുക്രെയ്നിൽ റഷ്യൻ സൈനികരോടൊപ്പം യുദ്ധം ചെയ്യുന്നതിനിടെ പരിക്കേറ്റ് കൊല്ലപ്പെട്ടിരുന്നു.
200 ഓളം ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ സുരക്ഷാ സഹായികളായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ്
റിപ്പോർട്ടുകൾ. റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.