ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്ന ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി കൊലപ്പെടുത്തി. സരി മൻസൂർ, ഹസോന സലിം എന്നിവരാണ് ബുറെയ്ജ് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രായേൽ നരവേട്ടയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 12,300 പിന്നിട്ടിരിക്കുകയാണ്. 50ലേറെ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.
ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 5000ലേറെയും കുട്ടികളാണ്. 29,800 പേർക്കാണ് പരിക്കേറ്റത്.
വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ മുഖവിലക്കെടുക്കാത്ത ഇസ്രായേൽ ഇന്നലെയും ആക്രമണം തുടർന്നു. വടക്കൻ ഗസ്സയിലെ രണ്ട് സ്കൂളുകളിൽ നടത്തിയ ആക്രമണത്തിൽ 50ലേറെ പേർ കൊല്ലപ്പെട്ടു. യു.എൻ ഏജൻസിക്ക് കീഴിൽ ജബലിയ അഭയാർഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന അൽ ഫഖുറ സ്കൂളിലും താൽ അൽ സാതറിലെ മറ്റൊരു സ്കൂളിലുമാണ് ഇന്നലെ ആക്രമണം നടത്തിയത്.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രി ഇന്നലെ ഇസ്രായേൽ സൈന്യം ഒഴിപ്പിച്ചു. 650ഓളം രോഗികളടക്കം ഏഴായിരത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
കിടപ്പുരോഗികളെ ഉൾപ്പെടെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിനകം ഒഴിയാൻ ശനിയാഴ്ച രാവിലെ ആവശ്യപ്പെടുകയായിരുന്നുവെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂസാൽമിയ പറഞ്ഞു. ഗുരുതര നിലയിലുള്ളവരെ കട്ടിൽ ഉൾപ്പെടെയും നടക്കാനാകാത്തവരെ വീൽചെയറിലുമാണ് പുറത്തിറക്കിവിട്ടത്. ഒഴിഞ്ഞുപോകുന്നതിനിടെ വനിതകളെ തുണിയുരിഞ്ഞ് ദേഹപരിശോധനക്ക് വിധേയരാക്കിയതായും റിപ്പോർട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം സൈനികരുടെ കൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.