കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് രണ്ടു വയസ്സുകാരി; പാമ്പ് ചത്തു
text_fieldsഅംഗാറ: പാമ്പിന്‍റെ കടിയേറ്റാൽ നമുക്കെന്ത് സംഭവിക്കും? വിഷപാമ്പാണെങ്കിൽ മരണം വരെ സംഭവിക്കാം. മനുഷ്യൻ പാമ്പിനെ കടിച്ചാലോ, അതും കടിച്ചത് ഒരു രണ്ടു വയസ്സുകാരിയാണെങ്കിലോ?
തുർക്കിയിലാണ് രണ്ടുവയസുകാരി തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു കൊന്നത്. ബിംഗോളിന് സമീപമുള്ള കാന്താർ ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് വീട്ടുകാരും അയൽക്കാരും എത്തിയത്. ഓടിയെത്തിയ അയൽക്കാർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുട്ടിയുടെ വായയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന പാമ്പ്.
പാമ്പിനെ മാറ്റിയപ്പോൾ കുട്ടിയുടെ ചുണ്ടിൽ കടിയേറ്റ പാടുകൾ. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ കുട്ടി ഇപ്പോൾ ആരോഗ്യവതിയാണ്. 45 ഇനം പാമ്പുകൾ തുർക്കിയിൽ കാണപ്പെടുന്നുണ്ടെന്നും അവയിൽ 12 എണ്ണം വിഷമുള്ളവയാണെന്നും പെൺകുട്ടിയെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാമ്പിന് ഏകദേശം 20 ഇഞ്ച് നീളമുണ്ടായിരുന്നതായി കുട്ടിയുടെ പിതാവ് മെഹ്മത് എർകാൻ പറയുന്നു. സംഭവം നടക്കുമ്പോൾ ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടിക്കുന്നത്. സ്വഭാവിക പ്രതികരണമെന്നോണം ഉടൻ തന്നെ കുട്ടി പാമ്പിനെയും കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.