വിസക്ക് രണ്ടുവർഷ പരിധി; കാനഡയുടെ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകും
text_fieldsഓട്ടവ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് രണ്ടുവർഷ പരിധി നിശ്ചയിച്ച കാനഡയുടെ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകും. പാർപ്പിട പ്രതിസന്ധിമൂലമാണ് കുടിയേറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചൂഷണം തടയുകയും ലക്ഷ്യമാണ്.
നിയന്ത്രണം വഴി ഈവർഷം വിദ്യാർഥി വിസയിൽ 35 ശതമാനംവരെ കുറവുണ്ടാകും. ചില പ്രവിശ്യകളിൽ 50 ശതമാനത്തിലേറെയും കുറവുവരും. 2024ൽ അംഗീകരിച്ച 364,000 വിസകൾക്ക് നിയന്ത്രണം ബാധകമാകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ പറഞ്ഞു. 2025ൽ അനുവദിക്കേണ്ട വിസകളുടെ എണ്ണം ഈവർഷം അവസാനം പുനർനിർണയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർവകലാശാലകൾക്കും കോളജുകൾക്കും എത്ര പെർമിറ്റുകൾ നൽകണമെന്ന് ഇനി പ്രവിശ്യകൾക്ക് തീരുമാനിക്കാം. സെപ്റ്റംബർ ഒന്നുമുതൽ വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ലഭിക്കില്ല. മെഡിസിൻ, ലോ തുടങ്ങിയ പ്രഫഷനൽ പ്രോഗ്രാമുകൾ, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ പങ്കാളികൾക്ക് മാത്രമേ ഓപൺ വർക്ക് പെർമിറ്റ് ലഭിക്കൂ.
2022ൽ കാനഡയിൽ ഏറ്റവും കൂടുതൽ വിസ ലഭിച്ചത് ഇന്ത്യൻ വിദ്യാർഥികൾക്കാണ്. കഴിഞ്ഞ വർഷം ആകെ 5,60,000 വിദ്യാർഥി വിസകളാണ് കാനഡ അനുവദിച്ചത്. 2022ൽ ഇത് 800,000ൽ അധികമായിരുന്നു.
അതിൽ 319,000 പേരും ഇന്ത്യൻ വിദ്യാർഥികളാണ്. കാനഡയിൽ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ ചില സ്ഥാപനങ്ങൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന ട്യൂഷൻ ഫീസ് ഈടാക്കി വിദ്യാർഥികളെ മുതലെടുക്കുന്നുണ്ട്.
കാനഡയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വ്യാജ ബിസിനസ് ഡിഗ്രി നൽകുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുറച്ചുവർഷങ്ങളായി ഇത്തരം സ്ഥാപനങ്ങൾ വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.