വിയറ്റ്നാമിൽ വൻ നാശംവിതച്ച് മൊലാവ് ചുഴലിക്കാറ്റ്; രണ്ട് മരണം, 26 പേരെ കാണാതായി
text_fieldsഹനോയ്: തെക്ക് കിഴക്ക് ഏഷ്യൻ രാജ്യമായ വിയറ്റ്നാമിൽ വീശിയടിച്ച മൊലാവ് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. രണ്ട് ഡസനിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടർന്നുള്ള അപകടത്തിൽ രണ്ടു പേർ മരിച്ചു. കടലിൽ പോയ 26 മത്സ്യത്തൊഴിലാളികളെയാണ് കാണാതായതെന്ന് റിപ്പോർട്ട്. മധ്യ വിയറ്റ്നാമിലെ തീരപ്രദേശത്താണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
മരങ്ങൾ നിലംപൊത്തുകയും വീടുകളുടെ മേൽക്കൂര തകർന്നു വീഴുകയും ചെയ്തു. ക്വാങ് എൻഗായ് പ്രവിശ്യയിൽ കൊടുങ്കാറ്റിൽ നിന്ന് വീടുകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേർക്ക് ജീവഹാനി സംഭവിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
145 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. തെക്കൻ ദനാങ്ങിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മുൻകരുതലിന്‍റെ ഭാഗമായി 3,75,000 പേരെ മാറ്റിപാർപ്പിച്ചു. സ്കൂളുകളും ബീച്ചുകളും അടക്കുകയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാവികസേനയും നിരീക്ഷണ കപ്പലുകളും തിരച്ചിലിൽ പങ്കാളികളാണ്. 20 അടി ഉയരത്തിൽ വരെ തിരമാല ഉയർന്നതായാണ് വിവരം. പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു.
ചുഴലിക്കാറ്റിന് മുന്നോടിയായി ആഴ്ചകളോളം നീണ്ടുനിന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 130 പേർ മരിക്കുകയും 3,10,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് വിയറ്റ്നാം വലിയ പ്രകൃതി ദുരന്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. മധ്യ തീരദേശ പ്രവിശ്യകളാണ് ഇതിന്‍റെ കെടുതികൾ അനുഭവിക്കുന്നത്. സമീപ വർഷങ്ങളിലെ കൊടുങ്കാറ്റുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.