വിയറ്റ്നാമിനെ കശക്കിയെറിഞ്ഞ യാഗി ചുഴലിക്കാറ്റ് പിന്മാറുന്നു; ആകെ മരണം 254
text_fieldsഹാനോയ്: സമാനതകളില്ലാത്ത ദുരിതം വിതച്ച് വിയറ്റ്നാമിനെ കശക്കിയെറിഞ്ഞ യാഗി ചുഴലിക്കാറ്റ് രാജ്യത്തുനിന്ന് പിന്മാറുന്നു. ചുഴലിക്കാറ്റും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വിയറ്റ്നാമിന്റെ വടക്കൻ മേഖലയിൽ 254 പേർ മരിക്കുകയും 82 പേരെ കാണാതാവുകയും ചെയ്തതായി കൃഷി, ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.
ലാവോ കായ്, കാവോ ബാങ്, യെൻ ബായ് എന്നിവിടങ്ങളിൽ മരണസംഖ്യ യഥാക്രമം 111, 43, 49 എന്നിങ്ങനെ ആയി ഉയർന്നതായി സിൻഹുവ വാർത്താ ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ഹനോയിയിലെ ചുവന്ന നദിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് അപകട നിലയിൽ നിന്ന് താഴ്ന്നതായി ദുരന്ത നിവാരണ, നിയന്ത്രണം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായുള്ള സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.
ഒഴിപ്പിച്ച ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ വൃത്തിയാക്കാൻ സേനയെ വിന്യസിച്ചു. വടക്കുകിഴക്കൻ പ്രവിശ്യയായ ക്വാങ് നിൻ, കൊടുങ്കാറ്റിൽ തകർന്ന യുനെസ്കോയുടെ ലോക പൈതൃകമായ ഹാ ലോംഗ് ബേയ്‌ക്കായി മൂന്ന് ദിവസത്തെ ശുചീകരണ കാമ്പെയ്ൻ ആരംഭിക്കും.
ചുഴലിക്കാറ്റിൽ തകർന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി ടൂറിസ്റ്റ് ബോട്ടുകളുടെ സാധാരണ പ്രവർത്തനം പുനരാരംഭിച്ചതെന്ന് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലക്ഷക്കണക്കിന് കുട്ടികൾക്ക് വീടുകൾ നഷ്ടപ്പെട്ടുവെന്നും അവർക്ക് ശുദ്ധജലം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമല്ലെന്നും യൂനിസെഫ് പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ, രക്ഷാപ്രവർത്തനത്തിനും പുനരുദ്ധാരണ പ്രവർത്തനത്തിനും സർക്കാർ പൊതുജനങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.