പറന്നുയരുക 2024 ജനുവരി ഒന്നിന്, ലാൻഡ് ചെയ്യുക 2023 ഡിസംബർ 31ന്; 'വർഷം' പിന്നോട്ടു പറക്കും ഈ വിമാനയാത്രയിൽ
text_fieldsലോകമാകെ പുതുവർഷത്തെ വരവേൽക്കുകയാണ്. പസഫിക് ദ്വീപിലെ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. തുടർന്ന് കിരിബാത്തിക്ക് പടിഞ്ഞാറുള്ള രാജ്യങ്ങളിലേക്ക് ക്രമമായി പുതുവർഷപ്പുലരിയെത്തും.
പുതുവർഷാഘോഷ വേളയിൽ 'ടൈം ട്രാവലിന്' ക്ഷണിക്കുകയാണ് അമേരിക്കൻ വിമാനസർവിസായ യുണൈറ്റഡ് എയർലൈൻസ്. ശാസ്ത്രത്തിലെ ടൈം ട്രാവൽ എന്ന സങ്കൽപ്പമല്ല, മറിച്ച് സമയരേഖകൾ താണ്ടി ഒരു വർഷം അപ്പുറത്തേക്ക് പോകാമെന്നാണ് യുണൈറ്റഡ് എയർലൈൻസിന്‍റെ ഗുവാമിൽ നിന്ന് ഹോണോലുലുവിലേക്കുള്ള ബോയിങ് വിമാനയാത്രയുടെ പ്രത്യേകത.
പസഫിക് സുദ്രത്തിൽ യു.എസിന്‍റെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഗുവാം. കിരിബാത്തിക്കും ന്യൂസിലാൻഡിനും പിന്നാലെ പുതുവർഷം ആദ്യം കടന്നുവരുന്ന മേഖലകളിലൊന്നാണിത്. ഇവിടെ നിന്ന് യു.എസിന്‍റെ തന്നെ മറ്റൊരു ദ്വീപായ ഹോണോലുലുവിലേക്ക് പറക്കുമ്പോഴാണ് പുതുവർഷം വീണ്ടും പഴയതാകുന്നത്. അന്താരാഷ്ട്ര ദിനാങ്ക രേഖക്ക് ഇരുവശത്തുമായാണ് രണ്ട് ദ്വീപുകളും സ്ഥിതിചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.
യുണൈറ്റഡ് എയർലൈൻസിന്‍റെ യു.എ 200 ബോയിങ് വിമാനം ഗുവാമിൽ നിന്ന് പറന്നുയരുക 2024 ജനുവരി ഒന്നിന് രാവിലെ 7.35നാണ്. വിമാനം കിഴക്കുദിശയിലേക്ക് പസഫിക്കിന് കുറുകെയുള്ള അന്താരാഷ്ട്ര ദിനാങ്കരേഖ കടക്കുന്നതോടെ ഒരു ദിവസം പിന്നോട്ടുപോയി വീണ്ടും 2023 ഡിസംബർ 31ലെത്തും. 7 മണിക്കൂർ 15 മിനിറ്റ് പറന്ന് വിമാനം ഹോണോലുലുവിൽ ലാൻഡ് ചെയ്യുക ഡിസംബർ 31ന് വൈകീട്ട് 6.50നായിരിക്കും. ഗുവാമിൽ പുതുവർഷപ്പിറവി ആഘോഷിച്ച് ഒരാൾ ഹോണോലുലുവിലേക്ക് പുറപ്പെട്ടാൽ, അവിടെയും പുതുവർഷപ്പിറവി ആഘോഷിക്കാനാകും.
സമയരേഖകൾ കടന്നുള്ള വിമാനയാത്രയിൽ സ്ഥിരം സംഭവിക്കുന്നതാണ് ഈയൊരു ദിവസമാറ്റമെങ്കിലും, ഒരു വർഷം തന്നെ പിറകിലേക്ക് മാറുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ സാങ്കൽപ്പിക രേഖക്ക് ഇരുവശത്തെയും സമയങ്ങൾ തമ്മിൽ ഒരു ദിവസത്തിന്‍റെ വ്യത്യാസമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.