Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tursunay Ziawudun
cancel
camera_alt

ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കായി തുറന്ന തടവറയിൽ ഒമ്പതുമാസം കഴിഞ്ഞ തുർസുനെ സിയാവുദ്ദീൻ       Photo Courtesy: bbc.com/

Homechevron_rightNewschevron_rightWorldchevron_right'പല രാ​ത്രികളിൽ ഞാനും...

'പല രാ​ത്രികളിൽ ഞാനും ആ ക്രൂരതക്ക്​ ഇരയായി​'; സിൻജിയാങ്ങിൽനിന്ന്​ കൂട്ട മാനഭംഗത്തി​െൻറ കരളലിയിക്കും കഥകൾ...

text_fields
bookmark_border

ഹാമാരി വന്നിട്ടില്ലാത്ത കാലമായിട്ടുപോലും മാസ്​കണിഞ്ഞായിരുന്നു എപ്പോഴും പുരുഷൻമാരുടെ നിൽപ്​- കഥ പറഞ്ഞുതുടങ്ങുകയാണ്, തുർസുനെ സിയാവുദ്ദീൻ. അവർ എപ്പോഴും സ്യൂട്ടിലായിരിക്കും. പക്ഷേ, അത്​ പൊലീസ്​ യൂനിഫോം ആകില്ല. അർധരാത്രി കഴിഞ്ഞ്​ അവർ സെല്ലുകളിലെത്തും. ഇഷ്​ടമുള്ള വനിതകളെ തെരഞ്ഞാണ്​ വരവ്​. ഇടനാഴി ഇറങ്ങി ബ്ലാക്​ റൂം' എന്ന നിരീക്ഷണ ​ക്യാമറകളില്ലാത്ത മുറികളിലേക്കാണ്​ യാത്ര. പല രാ​ത്രികളിൽ താനും ആ ക്രൂരതക്ക്​ ഇരയായെന്ന്​ തുർസുനെ സിയാവുദ്ദീൻ. 'ത​െൻറ ജീവിതത്തിൽ ഒരിക്കലും ഓർക്കാനാവാത്ത മുറിവായി ഇത്​ എന്നും നിലനിൽക്കുമെന്ന്​' അവൾ പറയുന്നു. ഇത്രയും പറയാൻ പോലും തനിക്കിഷ്​ടമില്ലെന്ന്​ തുർസുനെ.

ചൈനയിൽ സിൻജിയാങ് പ്രവിശ്യയിൽ സ്​ഥാപിച്ച അതി നിഗൂഢവും പ്രവിശാലവുമായ തടവറകളിലൊന്നിൽ നീണ്ട ഒമ്പതു മാസമാണ്​ തുർ​സുനെ സിയാവുദ്ദീന്​ കഴിയേണ്ടിവന്നത്​. സ്വതന്ത്ര റിപ്പോർട്ടുകൾ പ്രകാരം ഏറെ ദൂരത്തിൽ പടർന്നുകിടക്കുന്ന ഇൗ കോൺക്രീറ്റ്​ ജയിലുകളിൽ ദുരിത ജീവിതം താണ്ടി 10 ലക്ഷത്തിലേറെ പുരുഷൻമാരും സ്​ത്രീകളുമുണ്ട്​. ഉയ്​ഗൂറുകളുടെയും ഇതര ന്യൂനപക്ഷ​ങ്ങളുടെയും പുനർവിദ്യാഭ്യാസം മാത്രമാണ്​ ഇവയുടെ ലക്ഷ്യമെന്ന്​ ചൈന പറയുന്നു.

എന്നാൽ, ഉയ്​ഗൂറുകളുടെ മതപരവും അല്ലാത്തതുമായ എല്ലാ സ്വാതന്ത്ര്യവും ചൈന എന്നേ എടുത്തുകളഞ്ഞെന്നാണ്​ മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തൽ. ആകെ അവശേഷിക്കുന്നത്​ കൂട്ട നിരീക്ഷണം, കമ്യൂണിസ്​റ്റ്​ ബോധനം, നിർബന്ധിത വന്ധ്യംകരണം എന്നിങ്ങനെ ചിലതു മാത്രം.


തുർസെനെ സിയാവുദ്ദീൻ

2014ൽ സിൻജിയാങ്ങിലെത്തിയ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങാണ്​ പുതിയ നയത്തി​െൻറ പിന്നിൽ. ഉയ്​ഗൂർ വിഘടനവാദികൾ നടത്തിയതെന്നു പറയുന്ന സ്​ഫോടനമായിരുന്നു കാരണം. 'ശകലം പോലും കാരുണ്യം അരുതെ'ന്നായിരുന്നു തൊട്ടുപിറകെ ഷിയുടെ നിർദേശമെന്ന്​ ന്യൂയോർക്​ ടൈംസിന്​ ചോർന്നുകിട്ടിയ രേഖകൾ പറയുന്നു. പിന്നീട്​ അവിടെ അര​​േങ്ങറിയത്​ വംശഹത്യയാണെന്ന്​ യു.എസ്​ സർക്കാർ പറയുന്നു. മറുവശത്ത്​, കൂട്ട തടവും നിർബന്ധിത വന്ധ്യംകരണവും ശുദ്ധ നുണയും അസംബന്ധവുമാണെന്ന്​ പറഞ്ഞ്​ രക്ഷപ്പെടുന്നു, ചൈന.

ക്യാമ്പുകൾക്കക​ത്തു കുടുങ്ങിയവരിൽനിന്ന്​ നേരിട്ട്​ രേഖപ്പെടുത്തിയ മൊഴികൾ കുറവാണ്​. പക്ഷേ, ഇത്തരക്കാരായ നിരവധി മുൻ തടവുകാരെയും ഒരു പാറാവുകാരനെയും കണ്ട്​ ബി.ബി.സി തയാറാക്കിയ മൊഴികളിൽ സംഘടിതമായി നടന്ന കൂട്ട മാനഭംഗത്തി​െൻറയും ​ൈലംഗിക പീഡനങ്ങളുടെയും മർദനങ്ങളുടെയും ചിത്രം വ്യക്​തമാക്കുന്നുണ്ട്​.

തടവറ ജീവിതം കഴിഞ്ഞ്​ നാടുവിട്ട്​ യു.എസിലെത്തിയ തുർസുനെ സിയാവുദ്ദീൻ പറയുന്നു​, വനിതകളെ എല്ലാ രാത്രികളിലും സംഘമെത്തി കൊണ്ടുപോയി ഒരാളോ ഒന്നിലേറെ പേരോ ചേർന്ന്​ മാനഭംഗത്തിനിരയാക്കുമെന്ന്​. മൂന്നു തവണ താനും കൂട്ട മാനഭംഗത്തിനിരയായതായി അവർ വെളിപ്പെടുത്തുന്നു. അതും രണ്ടുമൂന്നു പേർ ചേർന്ന്​. മുമ്പും മാധ്യമ​ങ്ങളോട്​ സംസാരിച്ചിട്ടുണ്ട്​, തുർ​സുനെ. അന്ന്​ പക്ഷേ, കസാഖ്​സ്​ഥാനിലായിരുന്നു. രഹസ്യസേനയെ വിട്ട്​ ഏതുനിമിഷവും ചൈന തിരികെ കൊണ്ടുപോകുമെന്ന്​ ഭയന്ന നാളുകൾ. നെഞ്ചുപൊള്ളുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ ശേഷം തിരികെ ചൈനയിലെത്തിയാൽ അനുഭവിക്കേണ്ടിവരിക പഴയതിനെക്കാൾ വലിയ ഭീകരതയാകുമെന്നും തുർസുനെക്ക്​ ഉറപ്പ്​.


തുർസുനെയെ തടങ്കലിലിട്ട ക്യാമ്പിന്‍റെ ഉപഗ്രഹ ചിത്രം. 2017ലും 2019ലും എടുത്തത്​.

ചൈന ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തുർസുനെയുടെ റിപ്പോർട്ട്​ അവിടെ ചെന്ന്​ സ്​ഥിരീകരിക്കൽ നടക്കില്ല. പക്ഷേ, ബി.ബി.സിക്ക്​ അവൾ കാണിച്ചുകൊടുത്ത യാത്രാരേഖകൾ ഇവയുടെ വസ്​തുത ഉറപ്പുവരുത്തുന്നു. സിൻയുവാനിലെ -ഉയ്​ഗൂറുകൾക്ക്​ അത്​ കൂൻസ്​ ഗ്രാമം- ക്യാമ്പിനെ കുറിച്ച്​ തുർസുനെ നൽകിയ വിവരണവും ഉപഗ്രഹ ചിത്രങ്ങളും തമ്മിലുമുണ്ട്​ നല്ല സാമ്യം.

കൂൻസ്​ ഗ്രാമത്തി​ൽ 2017, 2018 വർഷങ്ങളിൽ ഉയ്​ഗൂറുകളെ 'വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം' (അ​ങ്ങനെയാണ്​ ചൈനീസ്​ ഭാഷ്യം) നടത്താൻ തുടർന്ന പദ്ധതികളെ കുറിച്ച്​ അഡ്രിയൻ സെൻസ്​ എന്ന ചൈനീസ്​ വിദഗ്​ധൻ വിശദമായി പറയുന്നുണ്ട്​. 'വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം' എന്നാൽ മസ്​തിഷ്​ക പ്രക്ഷാളനവും ഹൃദയ ശുദ്ധീകരണവും ധാർമിക ബോധവത്​കരണവും തിന്മകളുടെ ഉച്ചാടനവുമാണെന്നാണ്​ വിശദീകരണം.

സിൻജിയാങിൽനിന്ന്​ കുടിയേറി കസാഖ്​സ്​ഥാനിൽ തുടരുന്ന ഒരു വനിതയെ കൂടി ബി.ബി.സി നേരിൽ കണ്ടിരുന്നു. 18 മാസമാണ് അവർ ജയിലിൽ കഴിയേണ്ടിവന്നത്​. ക്യാമ്പിൽ വിവസ്​ത്രരാക്കി കൈയാമം വെച്ച്​ ചൈനീസ്​ പുരുഷന്മാർക്കായി വിട്ടുകൊടുക്കുകയായിരുന്നു പതിവ്​. എല്ലാം പൂർത്തിയായാൽ മുറി ശുദ്ധിയാക്കലും ത​െൻറ ഉത്തരവാദിത്വമാണ്​, അവർ പറയുന്നു.

''സ്​ത്രീകളെ അരക്കുമേൽ വിവസ്​ത്രരാക്കലായിരുന്നു ത​െൻറ ജോലി, മാറിനിൽക്കാനാവാത്ത വിധം കൈയാമം വെക്കുകയും​ വേണം''- ഈ തടവറകളിലൊന്നിൽ കാവൽക്കാരനായിരുന്ന ഒരാളുടെ വാക്കുകൾ. 'എന്നിട്ട്​, ഞാൻ സ്​ഥലം വിടണം. പിന്നീട്​ പൊലീസുകാരോ അല്ലാത്തവരോ എത്തും. എല്ലാം പൂർത്തിയാക്കി അയാൾ മടങ്ങിയാൽ സ്​ത്രീയെ കൊണ്ടുപോയി കഴുകുന്നതും എ​െൻറ ജോലി. തടവുകാരിൽ കാണാൻ ഭംഗിയുള്ളവരെ സംഘടിപ്പിച്ചുനൽകിയാൽ പണവും കിട്ടും''- കസാഖ്​ വനിത ഗുൽസിറ അവൽഖാൻ പറയുന്നു.


ഗുൽസിറ അവൽഖാൻ

കടുത്ത ശിക്ഷ ഭയന്ന്​ ഗാർഡുമാരെ സഹായിക്കാൻ നിർബന്ധിതരായതി​​െൻറ അനുഭവം പറയുന്നുണ്ട്​, മുൻ തടവുകാരിൽ വേറെ ചിലർ. ഒരിക്കൽ പോലും മറുത്തൊന്ന്​ ചെയ്യാനാകുമായിരുന്നില്ല. എന്നുവെച്ചാൽ, 'പദ്ധതിയിട്ട പ്രകാരം നടന്ന കൂട്ട മാനഭംഗമായിരുന്നു' സംഭവിച്ചത്​'. ചില രാ​ത്രികളിൽ പൊലീസുകാർ ​െകാണ്ടുപോയ വനിതകൾ ഒരിക്കലും മടങ്ങിവരാത്ത അനുഭവവുമുണ്ട്​. തിരിച്ചുവന്നവർക്കാക​ട്ടെ, ഒന്നും പുറത്തുപറയാനും അവകാശമുണ്ടായിരുന്നില്ല. താൻ രേഖപ്പെടുത്തിയ ഇരകളുടെ മൊഴികൾ തുറന്നുകാട്ടുന്നത്​ കൊടുംക്രുരതയുടെ ഞെട്ടിക്കുന്ന കഥകളാണെന്ന്​ സെൻസ്​ അടിവരയിടുന്നു.

മുസ്​ലിം തുർക്കി വംശജരാണ്​ ഉയ്​ഗൂറുകൾ. വടക്കു പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ്ങിൽ 1.1 കോടിയാണ്​ അവരുടെ ജനസംഖ്യ. കസാഖ്​സ്​ഥാൻ അതിർത്തിയോടു ചേർന്നായതിനാൽ കസാഖുകളുമുണ്ട്​. 42കാരിയായ തുർസുനെയുടെ ഭർത്താവ്​ കസാഖാണ്​. നീണ്ട അഞ്ചു വർഷം കസാഖ്​സ്​ഥാനിൽ താമസിച്ച ശേഷം 2016ലാണ്​ ദമ്പതികൾ നാട്ടിൽ മടങ്ങിയെത്തിയത്​. നാട്ടിലിറങ്ങിയ ഉടൻ ചോദ്യം ചെയ്യാനായി വിളിപ്പിച്ച്​ പാസ്​പോർട്ട്​ കണ്ടുകെട്ടി. മാസങ്ങൾ കഴിഞ്ഞ്​ ഉദ്യോഗസ്​ഥരെത്തി അറിയിച്ച പ്രകാരം ഉയ്​ഗൂറുകളുടെ ഒരു യോഗത്തിൽ പ​ങ്കെടുക്കാനെത്തിയപ്പോൾ അറസ്​റ്റിലായി. തുടക്കത്തിൽ മോശമല്ലാത്ത ഭക്ഷണവും ഫോൺ സൗകര്യവും ലഭിച്ചതിനാൽ എല്ലാം ശുഭമെന്ന്​ തോന്നിച്ചു. ഒരു മാസം കഴിഞ്ഞ്​ കുടൽപുണ്ണ്​ രോഗം വന്നതോടെ വിട്ടയച്ചു. ഭർത്താവ്​ നാട്ടിലേക്ക്​ മടങ്ങുകയും ചെയ്​തു. പക്ഷേ, തുർസുനെക്ക്​​ സിൻജിയാങ്ങിൽ ഒറ്റക്കു കഴിയാനായിരുന്നു വിധി.

വനിതകളുടെ ആഭരണങ്ങൾ പോലും കണ്ടുകെട്ടും. അക്കൂട്ടത്തിൽ അവളുടേതും അവർ കൊണ്ടുപോയി. ചെവിയിൽ അടിച്ച്​ കമ്മൽ ഊരിയെടുത്തപ്പോൾ ചോരയൊലിച്ച്​ മുറിവായി. തല മറക്കാൻ ഉപയോഗിച്ച വസ്​ത്രവും ഊരിമാറ്റും. നീളമുള്ള വസ്​ത്രം ധരിച്ചാൽ ബഹളം വെക്കും. വൃദ്ധകളെ പോലും വസ്​ത്ര ധാരണത്തിന്​ പീഡിപ്പിച്ചത്​ തുർസുനെ ​ഓർക്കുന്നു. അടിവസ്​ത്രമൊഴികെ എല്ലാം അഴിച്ചുമാറ്റിയ ഒരു വൃദ്ധ കൈകൊണ്ട്​ പൊത്തി​പ്പിടിച്ച്​ പേടിയോടെ നിന്ന കാഴ്​ച ഹൃദയം നുറുക്കുന്നതായിരുന്നുവെന്ന്​ തുർസുനെ പറയുന്നു. അന്ന്​ അവൾ കരഞ്ഞതിന്​ കണക്കി​ല്ല. അത്ര പ്രായമില്ലാത്ത തന്നോടു ചെയ്​തതൊക്കെയും ആ വൃദ്ധയോടും അവർ കാണിച്ചു.

ഷൂകൾ, ഇലാസ്​റ്റികും ബട്ടണുമുള്ള വസ്​ത്രങ്ങൾ എന്നിവയെല്ലാം സ്​ത്രീകൾ കൈമാറണം. ആദ്യ ഒന്നുരണ്ട്​ മാസം ഒന്നും സംഭവിക്കില്ല. ​പ്രത്യേകമായി സംവിധാനിച്ച പരിപാടികൾ നിരന്തരം വീക്ഷിച്ചിരിക്കണം. ഇടക്ക്​ മുടി മുറിക്കും. ഭർത്താവ്​ കസാഖ്​സഥാനിൽ പോയതിനായിരുന്നു തനിക്ക്​ തൊഴി കിട്ടിയതെന്ന്​ തുർസുനെ ഓർക്കുന്നു. ​''പൊലീസ്​ ബൂട്ടുകൾ കഠിനവും ഭാരമേറിയതുമാണ്​. ഇതറിയാത്തതിനാൽ അടിച്ചുവീഴ്​ത്തുകയാണെന്നാണ്​ തോന്നിയത്. പിന്നെയാണ്​ വയറ്റിൽ ബൂട്ടുകൊണ്ടുള്ള തൊഴിയാണെന്ന്​ മനസ്സിലായത്​''. വയറ്റിൽ നിന്ന്​ രക്​തം കട്ടയായി ഒഴുകിയിറങ്ങിയത്​ ചിലർ പരാതിപ്പെ​ട്ടപ്പോൾ ഇതൊക്കെ സ​്​ത്രീക്ക്​ പതിവുള്ളതു മാത്രമെന്നായിരുന്നു മറുപടി.


ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​

ഓരോ സെല്ലിലും 14 പേരുണ്ടാകുമെന്ന്​ തുർസുനെ. ആദ്യദിവസം സ്​​ത്രീകളെ പുറത്തേക്കു കൊണ്ടുപോകുന്നത്​ കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല. മറ്റിടങ്ങളിലേക്ക്​ മാറ്റുകയാകും എന്നാണ്​ കരുതിയത്​. 2018 മേയ്​ മാസത്തിലൊരു ദിവസം രാത്രിയിൽ തന്നെയും മറ്റൊരു യുവതിയെയും കൊണ്ടുപോയപ്പോൾ എല്ലാം ബോധ്യമായി. മാസ്​കണിഞ്ഞായിരുന്നു അയാൾ. ​കൂടെയുള്ളവളെ മറ്റൊരു മുറിയിലേക്കാണ്​ കൊണ്ടുപോയത്​. അവൾ അവിടെയെത്തി വൈക​ാതെ അട്ടഹാസമുയർന്നു. ശാരീരിക പീഡനമെന്നാണ്​ കരുതിയത്​. ബലാൽസംഗമെന്ന്​ എന്നിട്ടും തോന്നിയില്ല.

അതുകഴിഞ്ഞ്​ തന്നെയും അവിടെയെത്തിച്ചപ്പോൾ നേരത്തെ അനുഭവിച്ച രക്​തസ്രാവത്തെ കുറിച്ചുപറഞ്ഞു. ഇരുട്ടുമുറിയിലെത്തിച്ച്​ ലൈംഗികാവയവത്തിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഉപയോഗിച്ച്​ മർദിച്ചു. രോഗാവസ്​ഥയായതിനാലാകണം ഒന്നാം ദിവസം താത്​കാലികമായി പീഡനം അവിടെ അവസാനിച്ചു. അന്ന്​ ആദ്യമായി പീഡനമേറ്റ യുവതി പിന്നെ ആരോടും മിണ്ടാതെയായതായി തുർസുനെ പറയുന്നു.

ഉയ്​ഗൂറുകളുടെ സംസ്​കാരവും ഭാഷയും മതവും അവരിൽനിന്ന്​ എടുത്തുകളയുന്നതാണ്​ 'പുനർ വിദ്യാഭ്യാസ' പ്രക്രിയ. സിൻജിയാങ്ങിൽ വസിച്ചുവന്ന ഉസ്​ബെക്​ വനിത ഖുൽബിനുർ സാദിഖ്​ ഇക്കൂട്ടത്തിൽ അധ്യാപികയായി നിർബന്ധിത സേവനത്തിന്​ ഉണ്ടായിരുന്നു. രക്ഷപ്പെട്ട്​ നാടുവിട്ട അവർ പിന്നീട്​ ത​െൻറ അനുഭവങ്ങൾ പുറംലോകത്തോടു പങ്കുവെച്ചിരുന്നു. വനിതകളൂടെ ക്യാമ്പ്​ കടുത്ത നിയന്ത്രണങ്ങളിലായിരുന്നുവെന്ന്​ ഖുൽബിനൂർ സാദിഖ്​ പറയുന്നു. ഇതേ കുറിച്ച്​ ഒരു പൊലീസുകാരിയോട്​ ചോദിച്ചപ്പോൾ കൂട്ട മാനഭംഗം ക്യാമ്പിലെ പതിവു സംഭവമാണെന്ന്​ പ്രതികരിച്ചതായും അവർ പറഞ്ഞു. ബലാൽസംഗം മാത്രമല്ല, വൈദ്യുതാഘാതവും സ്​ത്രീകൾ അനുഭവിക്കണം.

കൂൻസ്​ ക്യാമ്പിൽ ആഴ്​ചകളായും മാസങ്ങളായും നീണ്ട പീഡന പർവത്തിനിടെ തുർസുനെയുടെ മുടി പലവട്ടം കത്രിച്ചു, നിർബന്ധ ക്ലാസുകൾ ശ്രവിച്ചു. ഇനിയും മനസ്സിലാകാത്ത മെഡിക്കൽ പരിശോധനകൾക്ക്​ വിധേയയായി. ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഓരോ 15 ദിവസവും പ്രത്യേക വാക്​സിൻ കുത്തിവെച്ചു. കുത്തിവെപ്പ്​ കഴിയുന്നതോടെ തലകറക്കം വരും. നിർബന്ധിത വന്ധ്യംകരണമാണ്​ അതിലേറെ ഭീകരം. പ്രായം 20ലെത്തിയവർ വരെ ഇതിന്​ വി​േധയരാകേണ്ടിവന്നു. സിൻജിയാങ്ങിൽ ഇത്​ വ്യാപകമാണെന്ന്​ അടുത്തിടെ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ചൈനീസ്​ ദേശസ്​നേഹ പാട്ടുകൾ പഠിക്കലാണ്​ മറ്റൊരു പ്രധാന ജോലി. ചൈനയെയും ഷി ജിൻപിങ്ങിനെയും വാഴ്​ത്തുന്ന ടി.വി പരിപാടികളും വീക്ഷിക്കണം. ഷിയെ കുറിച്ച വരികൾ മനഃപാഠമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്​ ശിക്ഷയും അനുഭവിക്കണം. അതിനായി പുസ്​തകങ്ങളാണ്​ തടവറകളിൽ ആദ്യം ലഭിക്കുക. പരീക്ഷകളിൽ പരാജയപ്പെട്ടവർക്ക്​ അണിയാൻ മൂന്നു നിറങ്ങളുള്ള വസ്​ത്രങ്ങളുണ്ടാകും. ഒരുവട്ടം, രണ്ടുവട്ടം, മൂന്നുവട്ടം എന്നിങ്ങനെ തോൽവിയുടെ എണ്ണം കണക്കാക്കിയാണ്​ വസ്​ത്രങ്ങളുടെ നിറംമാറ്റം. ഈ സംഭവങ്ങൾ മുൻ പാറാവുകാരൻ ബി.ബി.സിയുമായി പങ്കുവെച്ചതാണ്​. പ്രസിഡൻറ്​ ഷി വാഴുന്നയിടങ്ങളാണ്​ ഈ തടവറകൾ. ചുവരുകൾ നിറയെ അദ്ദേഹത്തി​െൻറ ചിത്രങ്ങൾ, വാഴ്​ത്തുപാട്ടുകൾ. ഈ പുനർവിദ്യാഭ്യാസ പ്രക്രിയയുടെ വക്​താവും ഷി തന്നെയെന്ന്​ സാക്ഷ്യപ്പെടുത്തുന്നു ചൈനയിലെ മുൻ ബ്രിട്ടീഷ്​ നയതന്ത്രജ്​ഞൻ ചാൾസ്​ പാർട്ടൺ.


തടവറയിലെ മുറികൾ

പലപ്പോഴും ബലാൽസംഗം ചെയ്യുന്ന പൊലീസുകാർ പീഡനത്തിന്​ പുറമെ ശരീരം മുഴുക്കെ മുറിവേൽപിക്കുമെന്നും തുർസുനെ ഓർക്കുന്നു. മനുഷ്യരോ അതല്ല, മൃഗങ്ങളോ എന്നുവരെ സംശയിച്ചുപോകും. ശരീരം മുഴുക്കെ പാടുകളുണ്ടാകും. തുർസുനെക്ക്​​ മാത്രം മൂന്നുവട്ടം സമാന അനുഭവങ്ങളുടെ ഭീകരത നേരിടേണ്ടിവന്നിട്ടുണ്ട്​. ഒന്നിലേറെ കുഞ്ഞുങ്ങൾക്ക്​ അമ്മയായതിന്​ വേറെ ചിലർ അനുഭവിക്കേണ്ടിവന്നത്​ അതിലേറെ വലിയ പീഡനങ്ങൾ. മൂന്നുദിവസം വരെ ഇത്തരം സ്​ത്രീകൾ അപ്രത്യക്ഷരാകും. അതുകഴിഞ്ഞ്​ തിരിച്ചുവരു​േമ്പാൾ ശരീരം മുഴുക്കെ മുറിവുകളാകും.

ചൈന നടപ്പാക്കുന്ന പുതിയ തടവറകളിൽനിന്ന്​ പുറത്തിറങ്ങിയവരിൽ ഉണ്ടായ മാറ്റങ്ങളാണ്​ അതിലേറെ ഭീകരം. സിൻജിയാങ്ങിൽ കുട്ടികള​ുടെ ജനന നിരക്ക്​ കുത്തനെ താഴോട്ടുപോയത്​ അതിലൊന്ന്​- എന്നുവെച്ചാൽ, നടമാടിയത്​ ജനസംഖ്യാ വംശഹത്യയെന്നു സാരം.

പലരും ലഹരിക്കടിമകളായി. ആദ്യ രാത്രിയിൽ താൻ പേടിച്ചരണ്ട നിലയിൽ കണ്ട വനിത പോലും ചില നാളുകളിൽ തെരുവിൽ മദ്യപിച്ചുവീണുകിടക്കുന്ന കാഴ്​ചയാണെന്ന്​ തുർസുനെ വേദന പങ്കുവെക്കുന്നു. ക്യാമ്പ്​ പൂർത്തിയായവരെന്ന്​ പറഞ്ഞ്​ എത്തിയ എല്ലാവരും ഒരേ ദുരന്തത്തിനടിമകളായാണ്​ എത്തുന്നത്​. നിരീക്ഷണം, തടവ്​, സൈദ്ധാന്തിക പഠനം, മനുഷ്യത്വമില്ലാതാക്കൽ, വന്ധ്യംകരണം, പീഡനം, ബലാൽസംഗം- പിന്നെയെന്തുവേണം ദുരന്തം മാത്രമാകാൻ. ''എല്ലാവരെയും നശിപ്പിക്കൽ മാത്രമാണ്​ അവർക്ക്​ ലക്ഷ്യം. അത്​ അറിയാത്തവരില്ല താനും''.

(കടപ്പാട്​: www.bbc.com മൊ​ഴിമാറ്റം: കെ.പി. മൻസൂർ അലി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingBBCUighur MuslimsChina
News Summary - Uighurs have been systematically raped, sexually abused, and tortured
Next Story