ഉയ്ഗൂർ വംശഹത്യ: ചൈനക്ക് ഉപരോധമേർപെടുത്തി പാശ്ചാത്യ രാജ്യങ്ങൾ
text_fieldsലണ്ടൻ: സിൻജിയാങ് പ്രവിശ്യയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ് ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങൾ. യൂറോപ്യൻ യൂനിയൻ, യു.കെ, യു.എസ്, കാനഡ എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് യൂറോപ്യൻ ഉദ്യോഗസ്ഥർക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയ്ഗൂറുകൾക്ക് അടിസ്ഥാന മൗലികാവകാശങ്ങൾ വരെ ചൈന നിഷേധിക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. 1989ലെ ടിയാനെൻമൻ സ്ക്വയർ കുരുതിക്കു ശേഷം ആദ്യമായാണ് യൂറോപ്യൻ യൂനിയൻ ചൈനക്കു മേൽ ഉപരോധം ഏർപെടുത്തുന്നത്.
സിൻജിയാങ് പ്രവിശ്യയിലെ ബന്ധപ്പെട്ട വകുപ്പ് തലവൻമാർ, പാർട്ടി മേധാവികൾ തുടങ്ങിയവരാണ് നടപടിയുടെ മുനയിലുള്ളത്. പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടർ ചെൻ മിൻഗുവോ, കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്‍റിങ് കമ്മിറ്റി അംഗം വാങ് മിങ്ങാഷൻ, ഉപമേധാവി സു ഹായിലൂൻ, പ്രഡക്ഷൻ ആന്‍റ് കൺസ്ട്രക്ഷൻ കോപ്സിലെ വാങ് ജുൻഷെങ് എന്നിവർക്കു പുറമെ ഉയ്ഗൂർ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതലയുള്ള സിൻജിയാങ് പ്രൊഡക്ഷൻ ആന്‍റ് കൺസ്ട്രക്ഷൻ കോർപ്സ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ എന്നിവക്കെതിരെയാണ് ഉപരോധം.
സിൻജിയാങ് പ്രവിശ്യയിൽ നിയമവിരുദ്ധമായി നിർമിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്ഗൂറുകളെ പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇവ നടത്തുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും പുറമെ വംശീയ പ്രക്ഷാളനവും നടക്കുന്ന ഈ കേന്ദ്രങ്ങൾക്ക് പുറമെ അന്യപ്രവിശ്യകളിൽ തൊഴിലിനെന്ന പേരിൽ നിർബന്ധിതമായി പ്രദേശത്തുനിന്ന് ആളുകളെ വിദൂരങ്ങളിലേക്ക് അയക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനു പകരമായി യൂറോപിലെ 10 പേർക്കും നാല് സ്ഥാപനങ്ങൾക്കും ചൈനയിലേക്ക് പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനും വിലക്കേർപെടുത്തിയിട്ടുണ്ട്.
നേരത്തെ ചൈന സന്ദർശിച്ച യൂറോപ്യൻ പാർലമെന്‍റ് സംഘത്തിന്‍റെ അധ്യക്ഷനായിരുന്ന റീൻഹാർഡ് ബുടികോഫറിനെയും ഉപരോധ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. നിർബന്ധിത വന്ധ്യംകരണം ഉൾെപടെ നടപടികൾ ചൈന ഉയ്ഗൂറുകൾക്കെതിരെ നടത്തുന്നതായി ആരോപിച്ച അഡ്രിയൻ സെൻസ്, സ്വീഡിഷ് പ്രമുഖൻ ബ്യോൺ ജെർഡൻ തുടങ്ങിയവർക്കെതിരെയും ഉപരോധമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.