െബ്രക്സിറ്റ്: വ്യാപാര കരാർ ചർച്ച തുടരുമെന്ന് ബ്രിട്ടനും യൂറോപ്യൻ യൂനിയനും
text_fieldsബ്രസൽസ്: ബ്രക്സിറ്റിനുശേഷമുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ച തുടരാൻ ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിൽ ധാരണയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെർ ലെയ്നും തമ്മിൽ ടെലിഫോണിലൂടെ നടത്തിയ ചർച്ചക്കുശേഷമാണ് തീരുമാനം അറിയിച്ചത്. ഇരു കക്ഷികൾക്കുമിടയിൽ തീരുമാനമാകാത്ത സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിയിൽ െബ്രക്സിറ്റിനുശേഷം യൂറോപ്യൻ യൂനിയനിൽനിന്നു പുറത്തുപോയ ബ്രിട്ടൻ വ്യാപാര കരാറുകളിൽ അന്തിമ തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തർക്കമുള്ള വ്യവസ്ഥകളിൽ ചർച്ചയിൽ ധാരണയായില്ലെങ്കിൽ ഡിസംബർ 31ന് കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്നു ബ്രിട്ടന് വിട്ടുപോരേണ്ടിവരുമായിരുന്നു. ഈ ഘട്ടത്തിലാണ് ഞായറാഴ്ച ബോറിസ് ജോൺസണും ഉർസുല വോൻഡെർ ലെയ്നുമായി ടെലിഫോൺ ചർച്ച നടത്തിയത്.
''ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു...'' ചർച്ചക്കു ശേഷം ഉർസുല വോൻഡെർ ലെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു.
െബ്രക്സിറ്റിനു ശേഷം ബ്രിട്ടനും യൂനിയനുമിടയിൽ തർക്കം പരിഹരിക്കാൻ മാർച്ചു മുതൽ ചർച്ച നടന്നുവരുകയായിരുന്നു. ഡിസംബർ 31നകം കരാറിലേർപ്പെടാനായില്ലെങ്കിൽ തിരിച്ചടിയാകും. പല സാധനങ്ങളുടെയും വില കുത്തനെ വർധിക്കാനും ഇടയാക്കും. ഈ സാഹചര്യമൊഴിവാക്കാനാണ് തുടർ ചർച്ചകൾക്കായി ഇരു കക്ഷികളും ഊർജിതമായ ശ്രമം തുടരുന്നത്.
കരാറിലെത്തിയില്ലെങ്കിൽ ബ്രിട്ടീഷ് പൗരന്മാർക്ക് മൂന്നുമാസത്തിൽ കൂടുതൽ കാലം യൂറോപ്യൻ യൂനിയനിൽ തങ്ങണമെങ്കിൽ വിസ നിർബന്ധമാകുമെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യമന്ത്രി ക്ലെമൻറ് ബ്യൂണെ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.