മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ വിദേശ കാര്യ മന്ത്രി; ബ്രിട്ടീഷ് മന്ത്രിസഭ അഴിച്ചു പണിത് ഋഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ ഋഷി സുനക് മന്ത്രിസഭയിൽ. വിദേശകാര്യ സെക്രട്ടറിയായാണ് കാമറണിനെ നിയമിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രിട്ടീഷ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാമറണിനെ മന്ത്രിസഭയിലെടുത്തത്. തീവ്രവലതുപക്ഷ ചിന്താഗതിയുള്ള സുവല്ല ബ്രേവർമാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിക്കാണ് പകരം ചുമതല.
2016ലാണ് 57കാരനായ ഡേവിഡ് കാമറൺ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്താകുന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു കാമറണിന്റെ രാജി. അതേ വർഷം തന്നെ എം.പി സ്ഥാനവും അദ്ദേഹം രാജിവെച്ചു. 14 വർഷത്തോളമായി ബ്രിട്ടനിൽ അധികാരത്തിലിരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയാണ്. കാമറണിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ഫലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് ഇന്ത്യൻ വംശജയായ സുവല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്.ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് സുവല്ല. ശനിയാഴ്ച നടന്ന മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിർത്തുകൊണ്ട് സുവല്ല ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഋഷി സുനക്കിനെ സമ്മർദത്തിലാക്കുന്നതായിരുന്നു ലേഖനം. ഫലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ കൂടുതൽ നടപടി വേണമെന്നായിരുന്നു സുവല്ലയുടെ ആവശ്യം. പൊലീസിന് ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന സുവല്ലയുടെ പരാമർശവും വിവാദമായി. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ ഋഷി സുനകിന്റെ മന്ത്രി സഭയിലെ മറ്റ് അംഗങ്ങൾ രംഗത്തെത്തി.
ആഭ്യന്തരമന്ത്രിയുടെ നിലപാട് സംഘർഷം വർധിപ്പിക്കാനും വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും വിമർശനമുയർന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനിൽ റാലി നടത്തുന്നത് പ്രകോപനപരവും അനാദരവുമാണെന്നായിരുന്നു സുനക് അഭിപ്രായപ്പെട്ടത്. രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനമായ നവംബർ ഒന്നിനാണ് പ്രകടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.