അഭയാർഥികളുടെ വരവ് 'അധിനിവേശ'മെന്ന് യു.കെ ആഭ്യന്തര മന്ത്രി
text_fieldsലണ്ടൻ: അഭയാർഥികളുടെ വരവിനെ 'അധിനിവേശം' എന്ന് വിശേഷിപ്പിച്ച യു.കെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനെതിരെ പ്രതിപക്ഷവും അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും രംഗത്ത്. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതമായെന്നും അഭയാർഥികൾക്കായുള്ള സംവിധാനം തകർന്ന നിലയിലാണെന്നും മന്ത്രി കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞു.
ഇംഗ്ലീഷ് ചാനൽവഴി നിരവധി പേരാണ് ചെറുബോട്ടുകളിൽ എത്തുന്നത്. അവർക്കെല്ലാം പാർപ്പിടം നൽകാനാകില്ല. ദക്ഷിണതീരത്തെ അധിനിവേശം തടയുന്നത് ആരാണ് ഗൗരവമായെടുക്കുന്നതെന്നും ആരാണ് അത് അവഗണിക്കുന്നതെന്നും ബ്രിട്ടീഷ് ജനത അറിയേണ്ടതുണ്ടെന്നും ഇന്ത്യയിൽ വേരുള്ള ബ്രേവർമാൻ പറഞ്ഞു.
ഈ വർഷം മാത്രം ദക്ഷിണ തീരത്ത് 40,000 പേരെത്തി. ഇതിൽ ക്രിമിനൽ സംഘങ്ങളിൽപെട്ടവരും ഉണ്ട്. അതുകൊണ്ട്, ഇംഗ്ലണ്ടിലെത്തുന്നവരെല്ലാം അഭയാർഥികളാണ് എന്ന ധാരണ നമ്മൾ മാറ്റണം. രാജ്യത്തെ ജനങ്ങൾക്കെല്ലാം ഈ കാര്യം അറിയാം. പ്രതിപക്ഷം അറിഞ്ഞില്ലെന്ന് നടിക്കുകയാണ് -അവർ പറഞ്ഞു.
മന്ത്രിക്കെതിരെ പ്രതിപക്ഷമായ ലേബർ പാർട്ടിയും സ്കോട്ടിഷ് നാഷനൽ പാർട്ടിയും രംഗത്തെത്തി. ഗുരുതര സ്വഭാവമുള്ള പരാമർശമാണ് മന്ത്രിയുടേതെന്ന് ലേബർ പാർട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ദക്ഷിണതീരത്തെ അഭയാർഥികേന്ദ്രത്തിൽ പെട്രോൾ ബോംബ് ആക്രമണമുണ്ടായത് രാജ്യത്തെ നടുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.