വേതനവർധന ആവശ്യപ്പെട്ട് യു.കെയിൽ നഴ്സുമാരുടെ പണിമുടക്ക്
text_fieldsലണ്ടനിലെ റോയൽ മാഴ്സ്ഡൻ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുന്ന നഴ്സുമാർ
ലണ്ടൻ: വേതനവർധനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് യു.കെയിലെ നഴ്സുമാർ പണിമുടക്കി. റോയൽ കോളജ് ഓഫ് നഴ്സിങ് (ആർ.സി.എൻ) യൂനിയന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നാഷനൽ ഹെൽത്ത് സർവിസിലെ ഒരുലക്ഷത്തോളം നഴ്സുമാരാണ് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെ പണിമുടക്കിയത്.
ആർ.സി.എൻ യൂനിയന്റെ 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സമരം. നഴ്സുമാർ ഡിസംബർ 20നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിൽ 7.5 ശതമാനം ശമ്പളവർധന അംഗീകരിച്ച രണ്ട് യൂനിയനുകൾ പണിമുടക്കിൽനിന്നും പിന്മാറിയിരുന്നു. എന്നാൽ, ആർ.സി.എൻ അവിടെയും പണിമുടക്കുന്നുണ്ട്.
ജീവിതച്ചെലവ് കൂടിയതിനാൽ യു.കെയിലെ പൊതു-സ്വകാര്യ മേഖല ജീവനക്കാർ മാസങ്ങളായി വ്യാപകമായ അതൃപ്തിയിലാണ്. ലണ്ടനിലെ ഗയ്സ്, സെന്റ് തോമസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുൾപ്പെടെ പ്രമുഖ സർക്കാർ ആശുപത്രികളിൽ ഉപരോധമുണ്ട്. കീമോതെറപ്പി, ഡയാലിസിസ്, തീവ്രപരിചരണം, നവജാത ശിശു, കുട്ടികളുടെ തീവ്രപരിചരണം എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടില്ല. തങ്ങൾക്ക് മടുത്തെന്നും ജീവിക്കാൻ ശമ്പളവർധന ആവശ്യമാണെന്നും ലണ്ടനിലെ മുതിർന്ന നഴ്സായ അമീറ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
നഴ്സുമാരുടെ ശമ്പളം പലതവണയായി 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സെപ്റ്റംബർ ആയതോടെ നിത്യച്ചെലവിന് ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട നിലയായിരുന്നു. കഴിഞ്ഞവർഷം 25,000 നഴ്സുമാരാണ് ജോലിവിട്ടത്. വിലക്കയറ്റത്തിന് ആനുപാതികമായി ആർ.സി.എൻ യൂനിയൻ 19.2 ശതമാനം ശമ്പളവർധനയാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. പണപ്പെരുപ്പം വേതനവർധനയെ മറികടക്കുന്നതിനാൽ യു.കെയിൽ ജീവിതച്ചെലവ് ഏറെയാണ്. ഒക്ടോബറിൽ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 11.1 ശതമാനത്തിലേക്ക് കുതിച്ചുയർന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 10.7 ശതമാനമായി കുറഞ്ഞിരുന്നു.
കോവിഡ് സമയത്ത് നാഷനൽ ഹെൽത്ത് സർവിസിൽ (എൻ.എച്ച്.എസ്) നിയമനം റദ്ദാക്കിയതിനാൽ നഴ്സുമാരുടെ ജോലിഭാരം കൂടുതലാണെന്ന് യൂനിയൻ നേതാക്കളും ആരോഗ്യപ്രവർത്തകരും പറഞ്ഞു. ആർ.സി.എൻ യൂനിയൻ സെക്രട്ടറി പാറ്റ് കുള്ളനും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ സർക്കാറിന്റെ കോബ്ര കമ്മിറ്റി രണ്ടാമതും അടിയന്തര യോഗം ചേർന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.