ബ്രിട്ടനിൽ മാന്ദ്യം; സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക്
text_fieldsലണ്ടൻ: കോവിഡ് മഹാമാരിയിൽ ആടിയുലഞ്ഞ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യു.കെയും. 2020 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ആദ്യപാദത്തെ അപേക്ഷിച്ച് മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 20.4 ശതമാനം ഇടിഞ്ഞു. ആദ്യപാദത്തിൽ 2.2 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്.
കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ സംഭവിച്ച വിവിധ സാമ്പത്തിക തകർച്ചകളുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും വിനാശകാരിയായ തകർച്ചയാണ് വരാനിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുന്നു.
കോവിഡിനും ലോക്ഡൗണിനും പുറമെ ബ്രക്സിറ്റും യു.കെയുടെ സാമ്പത്തിക തളർച്ചക്ക് പ്രധാന കാരണങ്ങളിലൊന്നായി. ഏപ്രിലിലാണ് സമ്പദ് വ്യവസ്ഥയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്.
2009ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധി കാലഘട്ടമാണിത്. നിരവധി പേർക്ക്് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ നഷ്ടം ഇനിയും ഉയർന്നേക്കാമെന്നും പറയുന്നു.
സമ്പത്തിക നിലയിൽ രാജ്യം ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചാൻസലർ റിഷി സുനാക് ബി.ബി.സിയോട് പറഞ്ഞു. അതേസമയം ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ സമ്പദ് വ്യവസ്ഥ ജൂണിൽ തിരിച്ചുവരാൻ തുടങ്ങിയതായും പറയുന്നു.
ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്ററൻറുകൾ, സ്കൂളുകൾ, കാർ റിപ്പയർ ഷോപ്പുകൾ തുടങ്ങിയവ അടച്ചിട്ടതോടെ രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. സേവന മേഖലയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഫാക്ടറികൾ അടച്ചിട്ടതോടെ കാർ നിർമാണം 1954 ലെക്കാൾ താഴെപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.