ലിസ് ട്രസ്: 45ാം ദിനം വൻവീഴ്ച
text_fieldsലണ്ടൻ: തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ നികുതി വെട്ടിക്കുറക്കുമെന്നും രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പം കുറക്കുമെന്നും വാഗ്ദാനം ചെയ്താണ് ലിസ്ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. എന്നാൽ, അധികാരത്തിലേറി 45ാം ദിവസം പണപ്പെരുപ്പം മൂലം അവർ രാജിവെച്ചൊഴിയേണ്ടി വന്നിരിക്കുന്നു.
നിനച്ചിരിക്കാതെ വന്ന സാമ്പത്തിക പ്രതിസന്ധി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയെ അധികാരക്കസേരയിൽനിന്ന് താഴെയിറക്കിയിരിക്കുന്നു. ലോകം ആകാംക്ഷയോടെ വീക്ഷിച്ച തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തിയായിരുന്നു ലിസ് കഴിഞ്ഞമാസം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേത്.
ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്. തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇതിന് ഏതാനും നാൾ മുമ്പാണ് ഇന്ത്യൻ വംശജയും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുമായി സുവല്ലെ ബ്രേവർമാൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചത്. ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയിൽ വഴി മറ്റൊരു എം.പിക്ക് അയച്ചതാണ് സുവെല്ലക്ക് തിരിച്ചടിയായത്.
ലിസ് ട്രസ് സർക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ യു.കെയിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഭരണപക്ഷത്തെ ചിലരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി രാജി വെച്ചത്.
സ്ഥാനമൊഴിഞ്ഞത് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരുടെ പിൻമുറക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയാണ് ലിസ്ട്രസ്. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് അധികാരമേറ്റത്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്.
2021 മുതൽ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവുകൂടിയായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. സെപ്തംബർ അഞ്ചിന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയുമായി അവർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരേസ മേയ്ക്കും മാർഗരറ്റ് താച്ചറിനും ശേഷം യു.കെയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. മേരി എലിസബത്ത് ട്രസ് എന്നും അവർ അറിയപ്പെടുന്നു.
അധ്യാപക ദമ്പതികളുടെ മകൾ:
1975 ജൂലൈ 26ന് ഓക്‌സ്‌ഫോർഡിൽ ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്‌സ് പ്രഫസറുടെയും ബോൾട്ടൺ സ്‌കൂളിലെ ലാറ്റിൻ അധ്യാപികയുടെയും മകളായി ജനിച്ച ട്രസ് 2000ൽ ഹഗ് ഓലിയറിയെ വിവാഹം കഴിച്ചു. രണ്ട് പെൺമക്കളുമുണ്ട്. ലീഡ്‌സിലെ റൗണ്ട്‌ഹേ ഏരിയയിലെ റൗണ്ട്‌ഹേ സ്‌കൂളിലാണ് ട്രസ് പഠിച്ചത്. ഓക്‌സ്‌ഫോർഡിലെ മെർട്ടൺ കോളജിൽ നിന്ന് 1996ൽ ബിരുദം നേടി. 1999ൽ ചാർട്ടേഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റായി കരിയർ ആരംഭിച്ചു. പിന്നീട് കേബിൾ ആൻഡ് വയർലെസിൽ ജോലി ചെയ്തു. 2005ൽ മുമ്പ് ഇക്കണോമിക് ഡയറക്‌ടറായി ഉയർന്നു.
രാഷ്ട്രീയ ജീവിതം: 1998 നും 2000നും ഇടയിൽ, ട്രസ് ലെവിഷാം ഡെപ്റ്റ്ഫോർഡ് കൺസർവേറ്റീവ് അസോസിയേഷന്റെ ചെയർ ആയി സേവനമനുഷ്ഠിച്ചു. 2006ലെ ഗ്രീൻവിച്ച് ലണ്ടൻ ബറോ കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽതാം സൗത്തിന്റെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
2010 മെയ് ആറിന് അവർ ഹൗസ് ഓഫ് കോമൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012 സെപ്റ്റംബർ നാലിന് വിദ്യാഭ്യാസ വകുപ്പിൽ പാർലമെന്ററി അണ്ടർ-സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ട്രസ് നിയമിതയായി. 2014ലെ കാബിനറ്റ് പുനഃസംഘടനക്കിടെ, ട്രസ് 2014 ജൂലൈ 15ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതയായി.
2016ൽ ചരിത്രപദവിയിൽ
2016ൽ തെരേസ മേയുടെ ആദ്യ മന്ത്രിസഭയിൽ നീതിന്യായ സെക്രട്ടറിയായും ലോർഡ് ചാൻസലറായും നിയമിതയായി. ഇതോടെ, ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആയിരം വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ലോർഡ് ചാൻസലറും ആയി. യു.കെയിലെ 2017ലെ പൊതു തെരഞ്ഞെടുപ്പിനെത്തുടർന്ന്, ട്രസ് ജൂലൈ 11ന് ട്രഷറിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. 2019ൽ മാത്രം, മേയുടെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് തനിക്ക് സ്ഥാനാർത്ഥിയാകാമെന്ന് ട്രസ് പ്രഖ്യാപിച്ചു. പക്ഷേ, പിന്നീട് അവർ ബോറിസ് ജോൺസണെ അംഗീകരിച്ചു.
ബോറിസ് ജോൺസണെ പിന്തുണച്ചതിന്, അവരെ ഇന്റർനാഷനൽ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയായും ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റായും സ്ഥാനക്കയറ്റം നൽകി. ബോറിസ് ജോൺസൺ സർക്കാരിൽ ആംബർ റൂഡിന്റെ രാജിയോടെ, ട്രസ് മന്ത്രിയായി നിയമിക്കപ്പെട്ടു.
സ്ഥാനക്കയറ്റം:
2021ലെ കാബിനറ്റ് പുനഃസംഘടനയിൽ, ജോൺസൺ ട്രസിനെ ഇന്റർനാഷനൽ ട്രേഡ് സെക്രട്ടറിയിൽ നിന്ന് വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി. മാർഗരറ്റ് ബെക്കറ്റിന് ശേഷം ഈ സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ വനിതയായി അവർ മാറി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ചുറ്റിപ്പറ്റിയുള്ള നിരവധി വിവാദങ്ങൾ കാരണം അദ്ദേഹം തന്റെ സ്ഥാനത്തുനിന്ന് രാജിവച്ചു. ട്രസ് 2022 ജൂലൈ 10ന് കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.