എന്നും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്; പിന്തുണയുമായി ഋഷി സുനക് ഇസ്രായേലിൽ
text_fieldsതെൽ അവീവ്: ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രായേൽ-ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രായേൽ സന്ദർശിക്കുന്ന മൂന്നാമത്തെ ലോകനേതാവാണ് സുനക്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമൻ ചാൻസലർ ഒലഫ് ഷൂൾസ് എന്നിവരായിരുന്നു ഇതിനു മുമ്പ് ഐക്യദാർഢ്യവുമായി ഇസ്രായേൽ സന്ദർശിച്ചത്. ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച സുനക്, രാജ്യത്ത് കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാർക്ക് നൽകിയ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ വഴി തുറക്കണമെന്നും സുനക് ആവശ്യപ്പെട്ടു.
''ഞാൻ ഇസ്രായേലിലാണ്. ദുഃഖത്തിലാണ് ഈ രാജ്യം. ഞാനും നിങ്ങളുടെ ദുഃഖത്തിനൊപ്പം ചേരുന്നു. തിൻമക്കെതിരായ പോരാട്ടത്തിൽ എന്നും എപ്പോഴും കൂടെയുണ്ടാകും.''-എന്നാൽ ഋഷി സുനക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
'സാധാരണക്കാരുടെ മരണം ദുരന്തമാണ്. ഹമാസിന്റെ ഭീകരവാദ പ്രവർത്തനം മൂലം നിരവധി പേർ കൊല്ലപ്പെട്ടു. സംഘർഷം തടയാനായി ലോകനേതാക്കൾ ഒന്നിക്കണമെന്ന് വ്യക്തമാക്കിയ സംഭവമാണ് നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ്സ ആശുപത്രിയിലെ സ്ഫോടനം. സമാധാനത്തിനുള്ള പരിശ്രമത്തിന് ബ്രിട്ടൻ മുന്നിലുണ്ടാകും.-എന്ന് സന്ദർശനത്തിനു മുന്നോടിയായി സുനക് കുറിച്ചിരുന്നു.
ഇത് നാസികൾക്കെതിരായ ലോകയുദ്ധമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സാന്ത്വനിപ്പിക്കാനായി ഇസ്രായേലിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നെതന്യാഹു നന്ദിയറിയിച്ചു. ഹമാസിനെതിരെ തിരിച്ചടിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് സുനകും പറഞ്ഞു.
ഹമാസ് പുതിയ ഐ.എസ് ആണെന്നും ഇത് ഇസ്രായേലിന് വേണ്ടി മാത്രമല്ല, പരിഷ്‍കൃതലോകത്തിന് മുഴുവൻ വേണ്ടിയുള്ള യുദ്ധമാണെന്നും നെതന്യാഹു സൂചിപ്പിച്ചു. ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗുമായും സുനക് കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.