എണ്ണ ടാങ്കർ ആക്രമണം: ബ്രിട്ടൻ ഇറാൻ അംബാസഡറെ വിളിപ്പിച്ചു
text_fieldsലണ്ടൻ: അറബിക്കടലിൽ ഒമാൻ തീരത്തിനടുത്ത് ഇസ്രായേൽ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ എം.വി മെർസർ സ്ട്രീറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാൻ-ബ്രിട്ടൻ ബന്ധം ഉലയുന്നു. ആക്രമണത്തിനു പിന്നാലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ബ്രിട്ടൻ വിശദീകരണം ആവശ്യപ്പെട്ടു.
ആക്രമണത്തിൽ ബ്രിട്ടീഷ് സുരക്ഷ ഗാർഡും റുമേനിയൻ നാവികനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഇറാൻ നിർത്തണമെന്നും അന്താരാഷ്ട്ര ജലനിരപ്പിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബ് ആരോപിച്ചിരുന്നു.
ആക്രമണത്തെ തുടർന്ന് കപ്പൽ ജീവനക്കാരുടെ അഭ്യർഥന പ്രകാരം യു.എസ് നാവികരാണ് ആവശ്യമായ സഹായങ്ങൾ നൽകിയത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിെൻറ ഉടമസ്ഥതയിലുള്ള സോർഡിയാക് മാരീടൈം കമ്പനിയുടെതാണ് എം.ടി മെർസർ സ്ട്രീറ്റ്.
ടാങ്കർ ആക്രമിക്കപ്പെട്ടതിനു പിന്നാലെ അടുത്തിടെയുണ്ടായ ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയാണെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് ഇറാൻ അധികൃതർ വ്യക്തമാക്കിയത്. യു.എസും ഇറാനെതിരെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.