Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിസ് ട്രസ്: അടിതെറ്റിയ...

ലിസ് ട്രസ്: അടിതെറ്റിയ പരിഷ്‍കാരങ്ങൾ; അടുപ്പക്കാരും കൈവിട്ടു

text_fields
bookmark_border
ലിസ് ട്രസ്: അടിതെറ്റിയ പരിഷ്‍കാരങ്ങൾ; അടുപ്പക്കാരും കൈവിട്ടു
cancel

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയിലേക്ക് നയിച്ചത് ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന പരിഷ്‍കാരങ്ങൾ പിഴച്ചത്. അശാസ്ത്രീയ നികുതി പരിഷ്‍കാരങ്ങളുടെ പേരിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ അവർ പാർട്ടിയിലെ പിന്തുണ നഷ്ടമായതോടെ അധികാരമേറ്റ് ഒന്നര മാസമാകുമ്പോഴേക്ക് രാജിവെക്കാൻ നിർബന്ധിതയായി. നികുതിയിളവും സബ്സിഡിയും പ്രഖ്യാപിച്ച് ജനപിന്തുണ നേടാനുള്ള ശ്രമം തിരിച്ചടിച്ചു.

മുൻ ധനമന്ത്രി ക്വാസി ക്വാർടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പൗണ്ടിന്റെ മൂല്യം ഇടിയാനും വിലക്കയറ്റം രൂക്ഷമാകാനും ഇത് ഇടയാക്കി. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവുകളിലേറെയും പുതിയ ധനമന്ത്രി ജെറമി ഹണ്ട് റദ്ദാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മന്ത്രിസഭയിലെ രണ്ടുപേർ രാജിവെച്ചു. ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സുവല്ല ​ബ്രാവെർമാൻ ആണ് ബുധനാഴ്ച രാജിവെച്ചത്. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ സ്വകാര്യ മെയിലിൽനിന്ന് മുതിർന്ന എം.പിക്ക് അയച്ചത് വിവാദമായതിനെ തുടർന്നാണ് അവരുടെ രാജി. തെറ്റു പറ്റിയതു സമ്മതിച്ച് സ്ഥാനമൊഴിയുന്നത് ലിസ് ട്രസിന് മാതൃകയാകട്ടെ എന്ന സൂചന ബ്രാവെർമാന്റെ രാജിക്കത്തിലുണ്ടായിരുന്നു. പുതിയ ആഭ്യന്തരമന്ത്രിയായി ഗ്രാന്റ് ഷാപ്സിനെ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും ഒരു ദിവസം കഴിയും മുമ്പ് പ്രധാനമന്ത്രിയുടെ രാജിവാർത്തയുമെത്തി. ബുധനാഴ്ച പാർലമെന്റിൽ വലിയ ഒച്ചപ്പാടുണ്ടായിരുന്നു.

പാറ കുഴിച്ച് ഇന്ധനങ്ങൾ കണ്ടെത്തുന്ന ഫ്രാക്കിങ് സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ 230നെതിരെ 326 വോട്ടുകൾ നേടി പദ്ധതി പാസായെങ്കിലും പ്രതിപക്ഷമായ ലേബർ പാർട്ടി നേതാക്കൾക്ക് പുറമെ സ്വന്തം പാർട്ടിയിലെ വിമതരും വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കൺസർവേറ്റീവ് പാർട്ടി ചീഫ് വിച്ച് വെൻഡി മോർട്ടനും ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രെയ്ഗ് വിറ്റ്കറും രാജിക്ക് തുനിഞ്ഞെങ്കിലും ലിസ് ട്രസ് കൈപിടിച്ച് അനുനയിപ്പിച്ച് കൊണ്ടുവന്നു. അത്രയെളുപ്പം കീഴടങ്ങുന്നയാളല്ല താനെന്ന് ബുധനാഴ്ച പാർലമെന്റിൽ പ്രഖ്യാപിച്ച് ഉറച്ചുനിൽക്കുമെന്ന സൂചന നൽകിയെങ്കിലും വിമത പക്ഷത്തിന് കൂടുതൽ പിന്തുണ നേടാൻ കഴിഞ്ഞതോടെ ട്രസിന് മുന്നിൽ രാജിയല്ലാതെ വഴിയില്ലാതായി. നേരത്തെ ട്രസിനെ പിന്തുണച്ചിരുന്നവർ പോലും വിമത പക്ഷത്തേക്ക് ചാഞ്ഞു.

കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും പാർട്ടിക്കുള്ളിലെ പിന്തുണ നഷ്ടപ്പെട്ടതാണ് അവർക്ക് വിനയായത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവെച്ചതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.

യൂറോപ്യൻ യൂനിയൻ വിടാനുള്ള ​ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോൺസൻ നിരന്തരം വിവാദത്തിലകപ്പെടുകയും സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുകയും ഉപതെരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കുകയും ചെയ്തതോടെയാണ് രാജിവെച്ചത്.

ഋഷി സുനകിന് സാധ്യത

ലണ്ടൻ: ലിസ് ട്രസ് രാജിവെച്ച ഒഴിവിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനകിന് സാധ്യത. നേരത്തെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ ഋഷി സുനകിനെയാണ് ട്രസ് കീഴടക്കിയത്. താൻ മത്സരിക്കാനില്ലെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവും ധനമന്ത്രിയുമായ ജെറമി ഹണ്ട് പ്രഖ്യാപിച്ചത് സുനകിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

പെന്നി മോർഡോണ്ടും സുനകും തമ്മിലാണ് മത്സരത്തിന് സാധ്യത. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും മത്സരിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്. ട്രസിനെതിരായ മത്സരത്തിൽ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന സുനക് അവസാന ഘട്ടത്തിലാണ് പിന്നാക്കം പോയത്. അ​ന്നത്തേക്കാൾ പിന്തുണ ഇപ്പോൾ സുനക് പക്ഷത്തിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് സുനകിന്റെ പൂർവികർ. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ പത്നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax reformsUKLiz Truss
News Summary - uk tax reforms Liz Truss
Next Story