ഗസ്സക്ക് ആശ്വാസം: നിർത്തിവെച്ച ധനസഹായം ഉടൻ പുനരാരംഭിക്കുമെന്ന് ബ്രിട്ടൻ
text_fieldsലണ്ടൻ: ഗസ്സക്ക് ആശ്വാസവുമായി ബ്രിട്ടനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലേബർ ഗവൺമെൻറ്. ഫലസ്തീനിലെ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം ഉടൻ പുനരാരംഭിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. ഇസ്രായേലിന്റെ വ്യാജ പ്രചാരണത്തെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ മുൻസർക്കാറാണ് ധനസഹായം നിർത്തിവെച്ചത്.
ഏജൻസി നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നുവെന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബ്രിട്ടൻ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പാർലമെൻറിൽ പറഞ്ഞു. ഹമാസ് ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ഉദ്യോഗസ്ഥർ പങ്കാളികളായെന്ന് ജനുവരിയിൽ ഇസ്രായേൽ വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് ബ്രിട്ടനും യു.എസും അടക്കം 16 രാജ്യങ്ങൾ ധനസഹായം നിർത്തിവച്ചത്. ഇതിൽ യു.എസ് ഒഴികെയുള്ള മറ്റുരാജ്യങ്ങളെല്ലാം തീരുമാനം പിൻവലിച്ച് സഹായം പുനരാരംഭിച്ചിട്ടുണ്ട്. “യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ഫണ്ടിങ് താൽക്കാലികമായി നിർത്തിവച്ചത് ഞങ്ങൾ ഒഴിവാക്കുകയാണ്. ബ്രിട്ടൻ 21 ദശലക്ഷം ഡോളർ ഏജൻസിക്ക് നൽകും” -ഡേവിഡ് ലാമി പറഞ്ഞു.
ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ജനുവരിയിലാണ് ഇസ്രായേൽ ആരോപണം ഉന്നയിച്ചത്. നിരവധി ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇത് മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം നിർത്തിവെക്കാൻ ലോകരാജ്യങ്ങൾക്ക് മേൽ ഇസ്രായേൽ സമ്മർദം ചെലുത്തി.
എന്നാൽ, ഏജൻസിക്കെതിരെ ഇസ്രായേൽ ഉന്നയിച്ച ആരോപണം കള്ളമാണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ രാജ്യങ്ങൾ മുന്നോട്ടുവന്നത്. ഫലസ്തീൻ അഭയാർഥികളെ തുരങ്കം വെക്കുക എന്ന ലക്ഷ്യത്തോടെ ഏജൻസിയെ അപകീർത്തിപ്പെടുത്താൻ ഇസ്രായേൽ നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് കാതറിൻ കൊളോണ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ സ്വിറ്റ്‌സർലൻഡ്, ആസ്‌ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സഹായവിതരണം പുനരാരംഭിച്ചു.
ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് കൊളോണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ നേതാക്കൾ അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.