വാക്സിൻ സ്വീകരിച്ച യാത്രികർക്ക് കോവിഡ് പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ
text_fieldsലണ്ടൻ: വാക്സിനിെൻറ രണ്ട് ഡോസുകളും സ്വീകരിച്ച വിദേശ സഞ്ചാരികൾക്ക് കോവിഡ് പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മിൽട്ടൺ കെയ്ൻസിലെ ആശുപത്രിയിൽ സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം. ഒമിക്രോൺ രോഗികളുടെ എണ്ണം കുറയുന്നത് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക് കൂടുതൽ ഇളവ് അനുവദിക്കുന്നതിെൻറ ഭാഗമായി കൂടിയാണ് കോവിഡ് പരിശോധന ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ യു.കെയിലെത്തുന്ന സഞ്ചാരികൾക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ഫലം നിർബന്ധമായിരുന്നു. ഈ നിബന്ധനയിലാണ് ഇപ്പോൾ ബോറിസ് ജോൺസൺ സർക്കാർ മാറ്റം വരുത്തുന്നത്. നേരത്തെ സ്കോട്ട്ലാൻഡ്, വെയ്ൽസ്, വടക്കൻ അയർലാൻഡ് തുടങ്ങിയ പ്രദേശങ്ങളും സമാനമായ ഇളവ് അനുവദിച്ചിരുന്നു. ഫെബ്രുവരി 11 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്ന് യു.കെ ഗതാഗത സെക്രട്ടറി ഗ്രാൻഡ് ഷാപ്പ് അറിയിച്ചു .
യു.കെ അംഗീകരിച്ച വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്കാവും കോവിഡ് ടെസ്റ്റില്ലാതെ എത്താനാവുക. അതേസമയം, ലൊക്കേറ്റർ ഫോം സംവിധാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കാതെ രാജ്യത്ത് എത്തുന്ന ആളുകൾക്ക് ഇനി എട്ട് ദിവസത്തെ സെൽഫ് ഐസോലേഷന് ശേഷമുള്ള ടെസ്റ്റ് ആവശ്യമില്ല. പകരം 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനഫലവും പാസഞ്ചർ ലോക്കേറ്റർ ഫോമും മതിയാകും. എന്നാൽ, യു.കെയിൽ എത്തിയതിന് പിന്നാലെ അവർ കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം യു.കെയിൽ 74,799 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 75 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.