ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി; അടുത്ത ആഴ്ച മുതൽ വാക്സിനേഷൻ
text_fieldsലണ്ടൻ: 13 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയ കോവിഡ് വൈറസിനെതിരെ കൂട്ട പ്രതിരോധ കുത്തിവെപ്പിന് അനുമതി നൽകി ബ്രിട്ടൻ. ന്യൂയോർക് ആസ്ഥാനമായ ഫൈസർ ബയോഫാർമസ്യൂട്ടിക്കൽസും ജർമൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് ബ്രിട്ടൻ അനുമതി നൽകിയത്. മനുഷ്യരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 95 ശതമാനം വരെ ഫലപ്രാപ്തി അവകാശപ്പെട്ട വാക്സിനാണ് ഫൈസർ-ബയോൺടെക്കിേൻറത്.
ആദ്യ ഘട്ടത്തിൽ എട്ടുലക്ഷം ഡോസ് വാക്സിനാണ് നൽകുക. 21 ദിവസം ഇടവിട്ട് രണ്ട് ഡോസ് വാക്സിൻ വീതം നാലുലക്ഷംപേർക്ക് ഇത് നൽകാനാകും. ആകെ 40 ദശലക്ഷം ഡോസ് വാക്സിൻ ബ്രിട്ടൻ വാങ്ങുന്നുണ്ട്. ഒരു ഡോസ് വാക്സിന് 14.80 പൗണ്ടാണ് വില(1,454 രൂപ).
രാജ്യത്തെ സ്വയംഭരണ സ്ഥാപനമായ മരുന്ന് - ആരോഗ്യ നിയന്ത്രണ അതോറിറ്റിയാണ് (എം.എച്ച്.ആർ.എ) അടിയന്തര ഉപയോഗത്തിനായി വാക്സിൻ വാങ്ങാൻ ഗവൺമെൻറിന് അനുമതി നൽകിയത്. ഇതുവരെയുള്ള പരീക്ഷണഫലങ്ങൾ സൂക്ഷ്മമായി പഠിച്ചും വാക്സിൻ പരമാവധി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് വിലയിരുത്തിയുമാണ് എം.എച്ച്.ആർ.എ വിദഗ്ധർ ശിപാർശ സമർപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നതിനാൽ രാജ്യവ്യാപകമായി വാക്സിൻ വിതരണം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബ്രിട്ടെൻറ ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് 'സ്കൈ ന്യൂസി'നോട് പറഞ്ഞു.
കൊറോണ വൈറസിൽനിന്ന് വേർതിരിച്ചെടുത്ത സൂക്ഷ്മ ജനിതകഘടകത്തെ ഉപയോഗപ്പെടുത്തി ശരീരത്തെ കോവിഡിനെതിരെ പോരാടാൻ പര്യാപ്തമാക്കുകയാണ് ഫൈസർ-ബയോൺടെക് വാക്സിൻ ചെയ്യുന്നത്. മെസഞ്ചർ ആർ.എൻ.എ എന്ന എം.ആർ.എൻ.എ (ജൈവ തന്മാത്ര)അടിസ്ഥാനമാക്കിയാണ് വാക്സിൻ നിർമിക്കുന്നത്. പരീക്ഷണങ്ങളിലല്ലാതെ ഇതുവരെ എം.ആർ.എൻ.എ വാക്സിൻ മനുഷ്യരിൽ പ്രയോഗിക്കാൻ ഒരു രാജ്യവും അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.