ജോലിക്ക് വേണ്ടിയുള്ള അപേക്ഷ പോസ്റ്റ് ഓഫിസിൽ ‘തങ്ങിനിന്നത്’ 48 വർഷം
text_fieldsഒരു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം പ്രതികരണത്തിനായി കാത്തിരിക്കുന്നത് ശരിക്കും മാനസിക സമ്മർദ്ദത്തിലാക്കുന്ന കാര്യമാണ്. വർഷങ്ങളായി ഒരു മറുപടിയും കിട്ടാതെ അനിശ്ചിതത്വത്തിലായ ഒരു വനിതയുടെ കഥയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. സംഭവം ഇംഗ്ലണ്ടിലാണ് നടന്നത്. യു.കെയിലെ എഴുപത് വയസ്സുള്ള സ്ത്രീ 22ാമത്തെ വയസ്സിൽ അപേക്ഷിച്ച ജോലിയുടെ അപേക്ഷ 48 വർഷത്തിനു ശേഷം തിരികെയെത്തുകയായിരുന്നു.
ലിങ്കൻഷെയിലെ താമസക്കാരിയായ ടിസി ഹോഡ്‌സൻ ഒരു മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. തുടർന്ന് 1976ൽ അവർ ആ ജോലിക്ക് അപേക്ഷിച്ചുകൊണ്ട് ബന്ധപ്പെട്ട സ്ഥാപനത്തിന് ഒരു കത്ത് എഴുതി. പതിറ്റാണ്ടുകൾക്ക് ശേഷം ഹോഡ്‌സൺ എഴുതിയ കത്ത് ഡ്രോയറിന് പിന്നിൽ കുടുങ്ങിയതായി പോസ്റ്റ് ഓഫിസ് അധികൃതർ കണ്ടെത്തുകയും അവർക്കു തിരികെ അയക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് താൻ അയച്ച അപേക്ഷക്ക് മറുപടി വരാത്തതെന്നു ഹോഡ്‌സൻ പലപ്പോഴും ചിന്തിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ആ കത്ത് തൻറെ കൈയിൽ തന്നെ തിരിച്ചെത്തിയത് കണ്ട് ഹോഡ്‌സൻ ഞെട്ടിയിരിക്കുകയാണ്.
താൻ ആഗ്രഹിച്ച ജോലി നഷ്‌ടമായെങ്കിലും, പാമ്പ് പിടുത്തം, കുതിര പരിശീലനം, എയ്‌റോബാറ്റിക് പൈലറ്റ്, ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ ലോകമെമ്പാടും ഇവർ സഞ്ചരിക്കുന്നു. കത്ത് തിരികെ അയച്ചയാളെക്കുറിച്ചോ ഹോഡ്‌സന്റെ വിലാസം അവർ എങ്ങനെ കണ്ടെത്തിയെന്നോ ഹോഡ്സന് അറിയില്ല. 50ഓളം തവണയെങ്കിലും താൻ വീടു മാറിയിട്ടുണ്ടാവുമെന്നും എന്നിട്ടും അവർ വീട് കണ്ടുപിടിച്ചത് ആശ്ചര്യമാണെന്നും ഹോഡ്‌സൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.